കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നാട്ടിലൂടെ ബി.ജെ.പി നടത്തിയ ജനരക്ഷാ യാത്രയില്‍ നിന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മടങ്ങിയത് വേണ്ടത്ര ജനപങ്കാളിത്തമില്ലാത്തതില് പ്രതിഷേധിച്ചെന്ന് റിപ്പോര്‍ട്ട്. കണ്ണൂരില്‍ സി.പി.എമ്മിന്റെ സ്വാധീന മേഖലകളില്‍ പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിക്കുന്ന ജനപങ്കാളിത്തം വേണമെന്നാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ നാട് ഉള്‍പ്പെടെ സി.പി.എം ശക്തികേന്ദ്രങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയതും ഇക്കാര്യം മുന്നില്‍ കണ്ടാണ്. എന്നാല്‍ ദേശീയ നേതൃത്വം പ്രതീക്ഷിച്ച ജനപങ്കാളിത്തം ഉണ്ടായില്ലെന്ന് മാത്രമല്ല പങ്കെടുത്തവര്‍ തന്നെ വാടകയ്ക്ക് എടുത്തവരാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
അമിത് ഷാ പങ്കെടുത്ത ആദ്യ ദിനത്തില്‍ കാല്‍ലക്ഷത്തിലേറെ പേരെയാണ് ദേശീയ നേതൃത്വം പ്രതീക്ഷിച്ചത്. എന്നാല്‍ ദേശീയ അധ്യക്ഷന്റെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും പ്രതീക്ഷിച്ചതിന്റെ പകുതി പേര് പോലും പങ്കെടുത്തില്ല. ആദ്യദിന പദയാത്രയ്ക്ക് പിന്നാലെ അമിത് ഷാ ബംഗളുരുവില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത അമിത് ഷാ വീണ്ടും ജനരക്ഷാ യാത്രയില്‍ പങ്കെടുക്കുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ പയ്യന്നൂരിലെ പദയാത്രയ്ക്ക് പിന്നാലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി അമിത് ഷാ ഡല്‍ഹിയിലേക്ക് തിരിച്ചു. പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെയാണ് അമിത് ഷാ കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കിയത്.
ചുവപ്പ് ജിഹാദി ഭീകരതയ്ക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ജനരക്ഷാ യാത്ര പ്രധാനമായും സി.പി.എമ്മിനെ ലക്ഷ്യമിട്ടാണ്. മുഖ്യമന്ത്രിയുടെ നാട് തന്നെ യാത്രയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി തീരുമാനിച്ചതും ഇതിനാലാണ്. എന്നാല്‍ ഇവിടങ്ങളില്‍ യാത്രയ്ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ പലയിടത്തും കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ജനങ്ങള്‍ അധികം തെരുവില്‍ ഇറങ്ങിയിട്ടുമില്ല. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രമുള്ള യാത്രയായി ജനരക്ഷാ യാത്ര മാറി. ഇതോടെയാണ് ദേശീയ അധ്യക്ഷന്‍ യാത്രയെ കയ്യൊഴിഞ്ഞ് ഡല്‍ഹിക്ക് മടങ്ങിയത്.
അമിത് ഷായുടെ മടക്കം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. നേരത്തെ രണ്ട് തവണ മാറ്റിവച്ച യാത്ര അമിത് ഷായുടെ കൂടി സൗകര്യം നോക്കിയാണ് വീണ്ടും നിശ്ചയിച്ചത്. എന്നിട്ടും ദേശീയ അധ്യക്ഷന്‍ പാതിവഴിയില്‍ മടങ്ങിയത് സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയായിരിക്കുകയാണ്.






