
മുസാഫര്‍നഗര്‍: മൂന്ന് മാസം പ്രായമുള്ള മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തോക്കിന് മുനയില്‍ നിര്‍ത്തി ഭര്‍ത്താവിന്റെ മുന്നിലിട്ട് യുവതിയെ അക്രമികള്‍ കൂട്ട ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ പിഞ്ചു കുഞ്ഞിനെ കൊന്നു കളയുമെന്ന് ഭീഷണി മുഴക്കുകയും ഭര്‍ത്താവിനെ സംഘം കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്ത ശേഷമായിരുന്നു ബലാത്സംഗമെന്ന് യുവതി പറഞ്ഞു.
ഭര്‍ത്താവിനെയും ഭാര്യയേയും വൈദ്യ പരിശോധന നടത്തിയ ശേഷം സംഭവത്തില്‍ പോലീസ് കേസെടുത്തു. കുറ്റക്കാരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യുവതിയും ഭര്‍ത്താവും കൊച്ചു മകളുമായി ബൈക്കില്‍ പോകുമ്പോള്‍ പിന്നാലെ കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. മുസാഫര്‍നഗര്‍ നീര്ഗജിനി ഗ്രാമത്തിന് സമീപത്ത് വെച്ച് പിന്നാലെ കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി മോട്ടോര്‍സൈക്കിളില്‍ നിന്നും തള്ളിയിടുകയായിരുന്നു.
പിന്നീട് സമീപത്തെ കരിമ്പുതോട്ടത്തിലേക്ക് രണ്ടുപേരെയും വലിച്ചു കൊണ്ടു പോയ ശേഷമായിരുന്നു കൂട്ട ബലാത്സംഗം നടത്തിയത്. അതിന് ശേഷം ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. വയലില്‍ നിന്നും ദമ്പതികളെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.






