
കൊച്ചി: ബ്രസീല്‍-സ്പെയിന് ക്ലാസിക് പോരാട്ടത്തില്‍ ജയം മഞ്ഞപ്പടയ്ക്ക് സ്വന്തം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീലിന്റെ ജയം. മത്സരത്തില്‍ ആദ്യ ലീഡ് സ്പെയിന് ലഭിച്ചെങ്കിലും ശക്തമായ മുന്നേറ്റത്തിലൂടെ ബ്രസീല്‍ കളി കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
പന്തടക്കത്തിലും പാസ്സിങ്ങിലും മുന്നേറ്റത്തിലുമെല്ലാം വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ബ്രസീല്‍ കളംപിടിച്ചത്. ആദ്യപകുതിയില്‍ 61 ശതമാനം സമയവും പന്ത് ബ്രസീലിന്റെ കൈവശമായിരുന്നു. പന്ത് കൈയില്‍വച്ച് കളിച്ച ബ്രസീലിന്റെ ഈ തന്ത്രമാണ് അവര്‍ക്ക് ലീഡു നേടിക്കൊടുത്തത്. സ്പെയിനും മികച്ച ചില മുന്നേറ്റങ്ങള്‍ സംഘടിപ്പിച്ചെങ്കിലും പന്തിനുമേല്‍ മേധാവിത്തം സ്ഥാപിക്കുന്നതില്‍ വന്ന പിഴവാണ് തിരിച്ചടിയായത്.
സ്പെയിനാണ് മത്സത്തിലെ ആദ്യം ഗോള്‍ നേടിയത്. മത്സരത്തിന്റെ അഞ്ചാം മിനിട്ടില്‍ത്തന്നെ ബ്രസീലിന്റെ വലകുലുക്കി സ്പെയിന് മുന്നിലെത്തി. എന്നാല്‍ 25 ആം മിനിട്ടില്‍ തിരിച്ചടിച്ച ബ്രസീല്‍ കൊച്ചിയെ ആവേശത്തിലാഴ്ത്തി. ലിങ്കണിന്റെ വകയായിരുന്നു ബ്രസീലിന്റെ സമനില ഗോള്‍. സമനില നേടിയതോടെ ഊര്‍ജ്ജം വീണ്ടെടുത്ത ബ്രസീല്‍ മുന്നേറ്റം ശക്തമാക്കി. ആദ്യപകുതി അവസാനിക്കാന്‍ നിമിഷഘങ്ങള് ബാക്കിനില്‍ക്കെ പൗളിനോ ബ്രസീലിനെ മുന്നിലെത്തിച്ചു.
ഗോവയിലെ മഡ്ഗാവില്‍ നടക്കുന്ന മത്സരത്തില്‍ കോസ്റ്റോറിക്കയ്ക്കെതിരെ ജര്‍മനി ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയാണ്. ഇരുപത്തിയൊന്നാം മിനിട്ടില്‍ യാന്‍ ഫിയേറ്റയാണ് ജര്‍മനിക്ക് വേണ്ടി ഗോള്‍ നേടിയത്.
ഇരു ടീമുകളിലും ശ്രദ്ധേയ സാന്നിധ്യങ്ങളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നവരെല്ലാം അന്തിമ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. പ്രഹരശേഷിയുള്ള സ്ട്രൈക്കര്‍മാരായ പൗളീഞ്ഞോ, ലിങ്കണ്, മധ്യനിരയിലെ പവര്‍ഹൗസ് മാര്‍ക്കസ് അന്റോണിയോ തുടങ്ങിയവര്‍ മഞ്ഞക്കുപ്പായത്തില്‍ കൊച്ചിയിലെ കാണികള്‍ക്കു മുന്നില്‍ കളിക്കാനിറങ്ങി.
ബാര്‍സിലോന ബി ടീമിന്റെ കുന്തമുനയായ ആബേല്‍ റൂയിസ്, റയല്‍ മഡ്രിഡ് ജൂവനൈല്‍ എ ടീമിന്റെ വിക്ടര്‍ ഗാര്‍ഷ്യ തുടങ്ങിയവര്‍ സ്പാനിഷ് നിരയിലും ഇടംപിടിച്ചു.






