ന്യുഡല്‍ഹി: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയില്‍ കേരളത്തിനെതിരെ പ്രസ്താവന നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി ദേശീയ മാധ്യമം ഇന്ത്യാ ടുഡെ. ആശുപത്രികള്‍ എങ്ങനെ നടത്തണമെന്ന് കേരളം യു.പിയെ കണ്ടു പഠിക്കണമെന്നായിരുന്നു യോഗിയുടെ പ്രസ്താവന. യു.പിയിലെ ഗൊരഖ്പൂരില്‍ നൂറുകണക്കിന് കുട്ടികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലം നിലനില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
ഈ പശ്ചാത്തലത്തില്‍ യു.പിയേയും കേരളത്തേയും താരതമ്യം ചെയ്ത് യോഗി ആദിത്യനാഥിന് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യാ ടുഡേയിലെ പ്രമുഖ മാധ്യമ പ്രവര്ത്തകന് രാഹുല്‍ കന്‍വാള്‍. ആരോഗ്യ രംഗത്തിന് പുറമേ മറ്റ് എല്ലാ മേഖലകളിലും കേരളവും യു.പിയും തമ്മില്‍ താരതമ്യം ചെയ്തിരിക്കുകയാണ് രാഹുല്‍. എല്ലാ മേഖലകളിലും യു.പിയേക്കാള്‍ മുകളിലാണ് കേരളത്തിന്റെ സ്ഥാനമെന്നാണ് താരതമ്യ പഠനത്തിലൂടെ ഇന്ത്യാ ടുഡെ പറയുന്നത്.
കണക്കുകളുടെ പിന്‍ബലത്തിലാണ് താരതമ്യം. നേരത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയും കേരളത്തിനെതിരായ യോഗിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഈ രണ്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.






