ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വസതിയായ വേദനിലയത്തിന്റെ ഉടമസ്ഥാവകാശം തനിക്കും സഹോദരനും മാത്രമെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍. വേദനിലയം ജയലളിതയുടെ സ്മാരകമാക്കാനുള്ള മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ തീരുമാനത്തിനെതിരെ ദീപ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തമിഴ്നാട് ചീഫ് സെക്രട്ടറിയേയും, പി.ഡബ്ല്യൂ.ഡി, റവന്യൂ, ടൂറിസം വകുപ്പ് സെക്രട്ടറിമാരെയും എതിര് കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
തന്റെ പിതാവ് ജയകുമാറിന്റേയും ജയലളിതയുടേയും അമ്മ വേദവല്ലി എന്ന സന്ധ്യ വാങ്ങിയ വീടാണ് വേദനിലയം. 1971ല്‍ വേദവല്ലിയുടെ മരണ ശേഷം തന്റെ പിതാവും ജയലളിതയും അവിടെ ഒരുമിച്ചാണ് താമസിച്ചിരുന്നത്. പിന്നീട് ഉപരിപഠനാര്‍ത്ഥം ജയകുമാര്‍ ടി. നഗറിലേക്ക് മാറുകയായിരുന്നുവെന്നും ദീപ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും ജയലളിതയുടെ പേരില്‍ നിരവധി സ്വത്തുക്കളുണ്ട്. അവര്‍ വില്‍പ്പത്രം തയ്യാറാക്കാതെ മരിച്ച സാഹചര്യത്തില്‍ കോടനാട് എസ്റ്റേറ്റ് അടക്കം ജയയുടെ സ്വത്തുക്കുടെ അവകാശികള്‍ താനും സഹോദരനും മാത്രമാണെന്നും ദീപ കൂട്ടിച്ചേര്‍ത്തു.
1956ലെ ഹിന്ദു പിന്തുടര്ച്ചാവകാശ നിയമപ്രകാരം തനിക്കും സഹോദരനും അവകാശപ്പെട്ട സ്വകാര്യ സ്വത്താണ് വേദനിലയം. സ്വകാര്യ സ്വത്ത് സ്മാരകമായി പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. ദേവനിലയത്തില്‍ നടത്തിയ അനധികൃത സര്‍വേ ഉള്‍പ്പെടെയുള്ള നടപടികളില്‍ ഹൈക്കോടതി ഇടപെടണമെന്നും ദീപ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് നല്കിയ സത്യവാങ്മൂലം പ്രകാരം ജയയും അമ്മയും ചേര്‍ന്ന് 1967ല്‍ 1.32 ലക്ഷം രൂപയ്ക്ക് വാങ്ങിയ വീടാണ് ദേവനിലയം. നിലവില്‍ 72.09 കോടി രൂപയാണ് വീടിന്റെ വില വിപണി വില കണക്കാക്കപ്പെടുന്നത്.






