
രാജാക്കാട്: ഇടിഞ്ഞുവീഴാവുന്ന കെട്ടിടം. അതിനുമുകളില്‍ പഴകിയ പടുതയ്ക്കു കീഴില്‍ ജടപിടിച്ചമുടിയും കീറിയ വസ്ത്രങ്ങളുമായി രണ്ടുപേര്‍- പേച്ചിമുത്തുവും സ്വര്ണ്ണത്തായിയും. അറിവ് സമ്പാദ്യമാണെങ്കില്‍ സ്വര്ണ്ണത്തായി ഇന്ന് സമ്പന്നയായേനെ. ആയിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്കിയ ഇവര്‍ ഇന്ന് ഇരുളിലാണ്. ജീവിതവും, രോഗവും പകര്‍ന്ന ഇരുളില്‍. പക്ഷേ പട്ടിണിക്കിടക്കയിലും ഇവരുടെ സമ്പാദ്യം നാലു നായ്ക്കളാണ്.
ഇവര്‍ ഉറങ്ങുമ്പോള്‍ ഉറങ്ങാതിരിക്കാനും ആരും ഉപദ്രവിക്കാതെ കരുതലോടെ കാവലിരിക്കാനും മക്കളില്ലാത്ത ഇവര്‍ പോറ്റിവളര്‍ത്തിയ നാലു നായ്ക്കള്‍. പൂപ്പാറിയിലെ തൊണ്ടിമലയിലാണ് ആരും കൂട്ടിനില്ലാത്ത വയോധിക ദമ്പതികള്‍ക്ക് കൂട്ടായി നായ്ക്കള്‍ ഇരിക്കുന്നത്.
എഴുപത്തിരണ്ട് വയസുകാരായ പൂപ്പാറ തോണ്ടിമലയിലെ പേച്ചിമുത്ത് , സ്വര്ണ്ണത്തായ് എന്നിവരാണ് കട്ടിലില്‍ നിന്നും എഴുന്നേല്ക്കാന് പോലും കഴിയാതെ ഇവിടെ ദുരിത ജീവിതം നയിക്കുന്നത്. മേല്‍ക്കൂര തകര്‍ന്ന് ഏത് നീമിഷവും ഇടിഞ്ഞ് വീഴാറായ ഒറ്റമുറി കെട്ടിടത്തിന് മുകളില്‍ പ്ലാസ്റ്റിക് പടുത വലിച്ച് കെട്ടി ഇതിനുള്ളിലാണ് ഈ വൃദ്ധ ദമ്പതിമാരുടെ ജീവിതം. തമിഴ്നാട് സ്വദേശികളായ ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെയെത്തിയതാണ്. ദേവികുളം സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ താല്‍ക്കാലിക അധ്യാപികയായിരുന്നു സ്വര്ണ്ണത്തായ്.






