ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ഗൊരഖ്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറിനിടെ 16 കുട്ടികള്‍ മരിച്ചു. പത്ത് നവജാത ശിശുക്കള്‍ അടക്കമാണ് 16 കുട്ടികള്‍ മരിച്ചത്. 10 കുട്ടികള്‍ നിയോനേറ്റല്‍ ഐ.സി.യുവിലും ആറ് കുട്ടികള്‍ പീഡിയാട്രിക് ഐ.സി.യുവിലുമാണ് മരിച്ചത്. ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനകം ബി.ആര്.ഡി ആശുപത്രിയില്‍ ഇരുപതോളം രോഗികള്‍ മസ്തിഷ്കജ്വരത്തിന് ചികിത്സ തേടിയിട്ടുണ്ട്.
യു.പിയിലെ ദിയോറ, കുശിനഗര്‍, ഗൊരഖ്പൂര്‍, മഹാരാജ്ഗഞ്ച് എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ചികിത്സയിലുള്ളത്. രോഗികളില്‍ അഞ്ച് പേര് ബീഹാര്‍ സ്വദേശികളാണ്. ഈ വര്‍ഷം ജനുവരിക്ക് ശേഷം 1470 പേര് മസ്തിഷ്കജ്വരത്തിന് ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയെന്നാണ് കണക്കുകള്‍. ഇതില്‍ 310 പേര് മരണപ്പെട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ 63 കുട്ടികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചിരുന്നു.
ഓഗസ്റ്റിലെ മരണത്തില്‍ ഓക്സിജന്‍ വിതരണക്കാരനടക്കം ഒന്‍പത് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് 16 കുട്ടികള്‍ വീണ്ടും മരിച്ചത്.






