
ന്യൂഡല്‍ഹി: കശ്മീരില്‍ കഴിഞ്ഞ ദിവസം എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ട ജെയ്ഷ് ഇ മൊഹമ്മദ് ഭീകരന് ഖാലിദിനെയും വധിക്കാന്‍ പോലീസിനെ സഹായിച്ചത് വഞ്ചിക്കപ്പെട്ട കാമുകി. ഖാലിദിന് തന്നോടുള്ള താല്‍പ്പര്യം കുറഞ്ഞെന്നും അയാള്‍ മറ്റൊരാളില്‍ ആകൃഷ്ടയായിരിക്കുകയാണെന്നും തിരിച്ചറിഞ്ഞ കാമുകി അയാളെ കണ്ടെത്താന്‍ പോലീസിനെ സഹായിക്കുകയായിരുന്നു.
നേരത്തേ ലഷ്ക്കര്‍ ഇ തയ്ബ ഭീകരന് അബു ദുജാനയെ പോലീസ് വധിച്ച രീതി തന്നെയായിരുന്നു ഖാലിദിന് വേണ്ടിയും പോലീസ് ഉപയോഗിച്ചത്. ഒന്നിലേറെ കശ്മീരി യുവതികളുമായി ബന്ധം തുടരുന്ന സ്വഭാവമായിരുന്നു ഇരുവരുടേയും പ്രണയത്തിലേക്കും മരണത്തിലേക്കും നയിച്ചത്.
തിങ്കളാഴ്ച ഈ കശ്മീരി പെണ്‍കുട്ടിയുടെ അടുക്കല്‍ നിന്നും മടങ്ങുമ്പോഴായിരുന്നു ബാരാമുള്ള ജില്ലയില്‍ ഖാലിദ് എന്‍ കൗണ്ടറിന് ഇരയായത്. മാസങ്ങള്‍ക്ക് മുമ്പ് ലഷ്ക്കര്‍ ഇ തയ്ബ തലവന്‍ അബു ദുജാന കൊല്ലപ്പെട്ടതും ഭാര്യയുമായി രഹസ്യ സമാഗമം നടത്താന്‍ പോയപ്പോഴായിരുന്നു.
വടക്കന്‍ കശ്മീരില്‍ ജെയ്ഷ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് ഖാലിദ് എന്ന ഷഹീദ് ഷൗക്കത്താണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇയാള്‍ ജെയ്ഷ് ഫിദായീന്റെ നാലോ അഞ്ചോ പേര് വരുന്ന ഗ്രൂപ്പിനെ നയിക്കുകയും കശ്മീരിലെ സുരക്ഷ സംവിധാനത്ത് ഒരു ആത്മഹത്യാ സ്ക്വഡിന്റെ ആക്രമണം പദ്ധതിയിടുകയും ചെയ്തിരുന്നു.
എന്നാല്‍ കാമുകിയില്‍ നിന്നും കിട്ടിയ വിവിരം വെച്ച് ജമ്മു കശ്മീര്‍ പോലീസ് ഇയാളെ കണ്ടെത്തുകയും ഫിദായീന്‍ ലക്ഷ്യത്തിന് മുമ്പ് തന്നെ വധിക്കുകയുമായിരുന്നു. വഞ്ചിതയായ ഖാലിദിന്റെ പങ്കാളികളില്‍ ഒരാളാണ് ഈ യുവതി. തന്നില്‍ ഖാലിദിന് താല്‍പ്പര്യം കുറഞ്ഞെന്നും മറ്റൊരു സ്ത്രീയുടെ പിന്നാലെയാണെന്നും തിരിച്ചറിഞ്ഞ പങ്കാളികളില്‍ ഒരാള്‍ അയാളെ പിടികൂടാന്‍ പോലീസിനെ സഹായിക്കാന്‍ തീരുമാനിക്കുകയും ഇരുവരും ആശയവിനിമയം നടത്തിയിരുന്ന ഒരു സോഷ്യല്‍ മീഡിയ ആപ്പിലെ സന്ദേശം പോലീസിന് കൈമാറുകയുമായിരുന്നു. നകാ പോലീസ് വന്നപ്പോള്‍ ഇത് തിരിച്ചറിഞ്ഞ് ഖാലിദ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പോലീസുകാര്‍ക്ക് നേരെ നിറയൊഴിക്കുകയും ചെയ്തു.
ഇതാണ് എന്‍കൗണ്ടറില്‍ കലാശിക്കുകയും ചെയ്തത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ലഷ്ക്കര്‍ ഇ തയ്ബയ്ക്കും ഹിസുബുള്‍ മുജാഹിദ്ദീനുമെല്ലാം കശ്മീരില്‍ ശക്തമായ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇവരുടെ പാക് അടിസ്ഥാനമായ നേതാക്കളില്‍ പലരെയും നഷ്ടമായി.
ഈ വര്‍ഷം ജമ്മുകശ്മീരില്‍ സുരക്ഷാവിഭാഗം കൊലപ്പെടുത്തിയത് 167 ഭീകരരെയാണ്. കഴിഞ്ഞ വര്‍ഷം മൊത്തം 150 ഭീകരരെയാണ് കൊന്നത്. 2017 മെയ്ക്ക് ശേഷം ഒരു ദിവസം ഒരാള്‍ എന്ന ക്രമത്തിലാണ് സൈന്യം, ജമ്മു കശ്മീര്‍ പോലീസ്, അര്‍ദ്ധസൈനിക വിഭാഗം എന്നിവകളെല്ലാം കൂടി ചേര്‍ന്ന് കൊലപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച മാത്രം മൂന്ന് ജെയ്ഷ് ഫിദായീന്‍ തീവ്രവാദികളെ വധിച്ചു. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപത്തെ ബിഎസ്എഫ് ക്യാമ്പ് ആക്രമണം വരെ തടയാനായി.






