
കോഴിക്കോട് : ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ആളെക്കൂട്ടാന്‍ പൊതുമേഖലാ ബാങ്കുകളെയും ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പേരിലുള്ള മുദ്രാവായ്പ പദ്ധതിയിലെ അപേക്ഷകള്‍ ജാഥയില്‍ സ്വീകരിക്കുമെന്ന് പ്രചരിപ്പിച്ച് ആളുകളെ ജാഥയില്‍ പങ്കെടുപ്പിക്കുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ചെറുകിട-ഇടത്തരം വാണിജ്യ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ നല്കുന്ന വായ്പയാണ് മുദ്രാവായ്പ. ഇതിലേയ്ക്കായി ജാഥയില്‍ പങ്കെടുക്കുന്നവരുടെ അപേക്ഷകള്‍ സ്വീകരിക്കുമെന്നും അല്ലാത്തവര്‍ക്ക് വായ്പ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കി ആളുകളെ പങ്കെടുപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി ആവാസ് യോജന എന്ന ഭവന നിര്‍മ്മാണ പദ്ധതിയിലെ ധനസഹായ അപേക്ഷകരെയും ജാഥയില്‍ എത്തിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ആഹ്വാനം ചെയ്യുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബാങ്കുകളിലും തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നല്‍കേണ്ട അപേക്ഷയാണ് റാലിയില്‍ ബി.ജെ.പി ശേഖരിക്കുന്നത്.
ജനരക്ഷാ യാത്രയില്‍ പ്രതീക്ഷിച്ച പങ്കാളിത്തമില്ലെന്ന വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടി ആളുകളെ പങ്കെടുപ്പിക്കാനുള്ള ബി.ജെ.പിയുടെ ഈ ശ്രമമെന്നാണ് റിപ്പോര്‍ട്ട്.






