ക്വാലലംപുര്‍: രാസാക്രമണത്തില്‍ മരിച്ച ഉത്തര കൊറിയന്‍ ഏകാധിപതിയുടെ അര്‍ധസഹോദരന്‍ കിങ് ജോങ് നാമിന്റെ ബാഗില്‍ പണമുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. കൊല്ലപ്പെടുമ്പോള്‍, പുറംസഞ്ചിയില് ഒരുലക്ഷം യുഎസ് ഡോളര്‍ അതായത് ഇന്ത്യന്‍ തുകയനുസരിച്ച് 64 ലക്ഷത്തോളം രൂപയുണ്ടായിരുന്നതായി കേസ് അന്വേഷിക്കുന്ന പൊലീസ് ഓഫിസറാണ് കോടതിയെ അറിയിച്ചത്.
പോലീസ് കസ്റ്റഡിയിലാണ് ഇപ്പോള്‍ പണമുള്ളത്. കിം ജോങ് നാമിന്റെ സഞ്ചിയും വാച്ചും പുറംകുപ്പായവും രാസപരിശോധനയ്ക്ക് അയച്ചെങ്കിലും പിന്നീടു മേലധികാരികളുടെ ഉത്തരവിനെ തുടര്‍ന്ന് ഉത്തര കൊറിയയുടെ നയതന്ത്ര പ്രതിനിധിക്കു കൈമാറിയെന്നും അന്വേഷണ ഉദ്യോഗസ്ഥന് ബോധിപ്പിച്ചു.
മലേഷ്യയിലെ ക്വാലലംപുര്‍ വിമാനത്താവളത്തില്‍ വച്ച് ഫെബ്രുവരി 13നാണ് നാം കൊല്ലപ്പെടുന്നത്. ഇന്തൊനീഷ്യക്കാരി സിതി ആയിശയും വിയറ്റ്നാമുകാരി ഡോണ്‍ തി ഹുവോങ്ങും കിം ജോങ് നാമിന്റെ മുഖത്തു മാരക രാസവിഷം പുരട്ടി വധിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതും കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്വകാര്യ ചാനലിന് വേണ്ടി പറ്റിക്കല്‍ പ്രോഗ്രാമിന്റെ ഭാഗമാണ് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കൊലപാതകം നടത്തിയത്.
ഐക്യരാഷ്ട്ര സംഘടന നിരോധിത രാസായുധമായി പ്രഖ്യാപിച്ച രാസവസ്തുവാണു നാമിനെ കൊല്ലാന്‍ ഉപയോഗിച്ചത്. കിം ജോങ് ഉന്നുമായി അകന്നുകഴിഞ്ഞിരുന്ന നാമിന്റെ കൊലപാതകത്തില്‍ ഉത്തര കൊറിയയ്ക്കു പങ്കുള്ളതായി ആരോപണമുയര്‍ന്നിരുന്നു.






