ന്യൂഡല്‍ഹി: ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ ലൈന്‍ കേരളത്തില്‍ ചിലവാകില്ലെന്ന് പ്രമുഖ മാധ്യമപ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി. ശക്തമായ സംഘടനാ സംവിധാനവും മറ്റ് സംസ്ഥാനങ്ങളില്‍ വളര്‍ച്ചയുണ്ടാക്കാന്‍ കഴിഞ്ഞിട്ടും കേരളത്തില്‍ നിര്‍ണ്ണായക ശക്തിയാകാനും അധികാരം നേടാനും എന്തുകൊണ്ട് ബി.ജെ.പിക്ക് കഴിയുന്നില്ല-സര്‍ദേശായി ചോദിച്ചു. വെറുപ്പിന്റെ രാഷ്ട്രീയവും മതസ്പര്‍ധയും സാമുദായിക ധ്രുവീകരണവും നടത്തി കേരളത്തില്‍ വേരുറപ്പിക്കാമെന്ന മോഹം ബി.ജെ.പിക്ക് വേണ്ടന്നും അദ്ദേഹം ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്നതായി പറയപ്പെടുന്ന ഇടതുപക്ഷ അതിക്രമത്തിനെതിരെ പ്രതിഷേധിക്കുകയാണ്. ജി.എസ്.ടി പ്രശ്നങ്ങളും തൊഴിലവസരങ്ങളുടെ കുറവും, സാമ്പത്തിക മാന്ദ്യവും അടക്കം ജനങ്ങളെ ബാധിക്കുന്ന വലിയ വിഷയങ്ങള്‍ ഉണ്ടായിട്ടും കേരളത്തിലെ ഇടതുപക്ഷത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ നയിക്കുന്ന ജനരക്ഷാ യാത്ര കേരളത്തില്‍ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള രക്ഷാ യാത്രയോടുള്ള മലയാളികളുടെ തണുപ്പന്‍ പ്രതികരണം, കേരളത്തിലെ വെള്ളത്തില്‍ താമര വിരിയാറായിട്ടില്ല. എന്നതിന്റെ സൂചനയാണ്. ഇക്കാര്യം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.ഇതുവരെ ഒരു എം.എല്‍.എയെ മാത്രം ജയിപ്പിക്കാന്‍ കഴിഞ്ഞ ബി.ജെ.പിക്ക് ഇതുവരെ ഒരു ലോക്സഭാംഗത്തെപ്പോലും ജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. 2011ല്‍ കിട്ടിയ ആറ് ശതമാനം വോട്ട് 2016ല്‍ 15 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത് നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






