
ടോക്യോ: ഫിലിപ്പീന്‍സിലെ ഒക്കിനാവ ദ്വീപിന് സമീപം കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി. ഇന്തോനേഷ്യയില്‍ നിന്നും ചൈനയിലേക്കു പോകുകയായിരുന്ന ചരക്ക് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഹോങ്കോംഗ് രജിസ്ട്രേഷനിലുള്ള കപ്പലിലെ ഇന്ത്യക്കാരായ 26 ജീവനക്കാരില്‍ 15 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കപ്പല്‍ മുങ്ങിയതെന്ന് ജപ്പാന് കോസ്റ്റ് ഗാര്‍ഡിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എമറാള്‍ഡ് സ്റ്റാര്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഫിലിപ്പീന്‍സ് തീരത്തിന് 280 കിലോമീറ്റര്‍ ദൂരത്തുകൂടി സഞ്ചരിക്കുന്നതിനിടെ കപ്പലില്‍ നിന്ന് അപായ സിഗ്നല്‍ ലഭിച്ചിരുന്നുവെന്ന് ജപ്പാന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
മറ്റൊരു കപ്പലിലെ ജീവനക്കാരാണ് 15 പേരെയും രക്ഷപ്പെടുത്തിയത്. എന്നാല്‍ ബാക്കി 11 ജീവനക്കാരെ രക്ഷപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കപ്പല്‍ പൂര്‍ണമായും മുങ്ങിയെന്ന് കോസ്റ്റ് ഗാര്‍ഡ് വക്താവ് വ്യക്തമാക്കി. മൂന്ന് ബോട്ടുകളും രണ്ട് വിമാനങ്ങളും കാണാതായ കപ്പല്‍ ജീവനക്കാര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശക്തമായ കൊടുങ്കാറ്റിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുകയാണ്.






