
മലപ്പുറം : വിജയം ആവര്‍ത്തിക്കാന്‍ യു.ഡി.എഫും വിജയ പ്രതീക്ഷയില്‍ എല്‍.ഡി.എഫും നില മെച്ചപ്പെടുത്താന്‍ ബി.ജെ.പിയും മത്സര രംഗത്തിറങ്ങിയ വേങ്ങരയില്‍ ജനവിധി ആര്‍ക്കൊപ്പമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പി.കെ.കുഞ്ഞാലിക്കുട്ടി രാജ്യസഭാംഗമായി പോയതിനെ തുടര്‍ന്ന് ഒഴിവ് വന്ന വേങ്ങര മണ്ഡലത്തില്‍ ഇക്കഴിഞ്ഞ 12 നായിരുന്നു വോട്ടെടുപ്പ് നടന്നത്. 71.99 ശതമാനം എന്ന റെക്കോര്‍ഡ് പോളിംഗോടെയായിരുന്നു അന്ന് വോട്ടെടുപ്പ് അവസാനിച്ചത്.
ലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.ഖാദര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീര്‍, ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രന് എന്നിവര്‍ തമ്മിലായിരുന്നു മുഖ്യമത്സരം. മൂന്ന് സ്വതന്ത്ര്യര്‍ ഉള്‍പ്പെടെ ആറ് പേരാണ് ഇവിടെ മത്സരത്തിനിറങ്ങിയത്.
ലീഗിന്റെ ഉറച്ച കോട്ടയായ വേങ്ങരയില്‍ അട്ടിമറികള്‍ ഒന്നും പ്രതീക്ഷിക്കാനില്ലെന്നാണ് വിലയിരുത്തപ്പെടുന്നതെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ വ്യക്തി പ്രഭാവത്തില്‍ ലീഗ് തലയുയര്‍ത്തി നിന്നിരുന്ന മണ്ഡലം കെ.എന്‍.എ ഖാദറിനെ എത്രത്തോളം പിന്തുണയ്ക്കുമെന്നാണ് ലീഗ് ഉറ്റു നോക്കുന്നത്. സര്‍ക്കാരിന്റെ ഇത് വരെയുള്ള നിലപാടുകള്‍ വേങ്ങരയിലെ ജനങ്ങളെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കു കൂട്ടല്‍. രാഷ്ട്രീയ ചരിത്രത്തില്‍ പുതുപ്പിറവിയുണ്ടാകുമെന്നും മികച്ച ആത്മവിശ്വാസമുണ്ടെന്നുമായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി ബഷീര്‍ വോട്ടെടുപ്പിന് ശേഷം പ്രതികരിച്ചത്. വിജയ പ്രതീക്ഷ വേണ്ടെങ്കിലും നില മെച്ചപ്പെടുത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം.
എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള പ്രമുഖ നേതാക്കളെല്ലാം തന്നെ സജീവമായ പ്രചരണങ്ങള്‍ക്കായി വേങ്ങരയില്‍ എത്തിയത് തെരഞ്ഞെടുപ്പ് ആവേശം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പ് ദിനത്തില്‍ സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ രംഗത്തെത്തിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് വിവാദം ഉയര്‍ന്നിരുന്നുവെങ്കിലും വോട്ടെടുപ്പിന് വിവാദങ്ങള്‍ ബാധിച്ചില്ലെന്നാണ് പോളിംഗ് ഫലം സൂചിപ്പിക്കുന്നത്. ഏതായാലും വിവാദങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമപ്പുറം വേങ്ങരയിലെ ജനങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നറിയാന്‍ നാളെ വരെ കാത്തിരിക്കാം.
എണ്ണലിന് തടസ്സങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പു ഫലം നാളെ ഉച്ചയോടെ തന്നെ അറിയാമെന്നാണ് കരുതപ്പെടുന്നത്. . തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നാളെ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ക്കു ശേഷമാകും വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.






