
കൊച്ചി : എസ്എഫ്‌ഐ നേതാവ് അഭിമന്യൂ വധക്കേസിൽ അഞ്ച് പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അപ്പീൽ ഹൈക്കോടതി തള്ളി. വിടുതൽ ഹർജിയിലെ അപ്പീൽ ഹൈക്കോടതി തള്ളി കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കില്ലെന്ന് കോടതി പറഞ്ഞു. പ്രധാന പ്രതി മുഹമ്മദ് അടക്കം അഞ്ച് പ്രതികളാണ് കോടതിയെ സമീപിച്ചത്. 17 മുതൽ 26 വരെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം നൽകാതെയാണ് വിചാരണ തുടങ്ങുന്നതെന്നും വിചാരണ നിർത്തിവെക്കണമെന്നുമാണ് ആവശ്യം.
എന്നാൽ ആദ്യ 16 പ്രതികൾ മാത്രമാണ് നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തതെന്നും ഇവരുടെ വിചാരണ തുടങ്ങുന്നതിന് തടസ്സമില്ലെന്നും അനുബന്ധ കുറ്റപത്രം ഉടൻ നൽകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തെളിവ് നശിപ്പിക്കാനും പ്രതികളെ ഒളിവിൽപോകാൻ സഹായിച്ചവരുമാണ് ഇനി പ്രതിപ്പട്ടികയിൽ വരാനുള്ളതെന്നും അത് വിചാരണയ്ക്ക് തടസ്സമല്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു.
ഈമാസം 24 ന് എറണാകുളം സെഷൻസ് വിചാരണ തീയതി തീരുമാനിക്കാനിരിക്കെയാണ് വിചാരണ തടയാൻ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. 2018 ലാണ് മഹാരാജാസ് കോളേേജിലെ എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കുത്തികൊലപ്പെടുത്തുന്നത്.






