
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളജില്‍ രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. ഉച്ചക്ക് 12 മുമ്പായി ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. ആദ്യം പോസ്റ്റല്‍ വോട്ട് എണ്ണും. രാവിലെ 7.45ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂം നിരീക്ഷകന് അമിത് ചൗധരിയുടെയും സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ തുറക്കും.
കേരളത്തില്‍ കത്തി നില്ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ വേങ്ങരയിലേയ്ക്കാണ് എല്ലാരും ഉറ്റുനോക്കുന്നത്. വോട്ടെണ്ണലിന് 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കനത്ത സുരക്ഷയാണ് വോട്ടെണ്ണലിന്റെ ഭാഗമായി വേങ്ങരയില്‍ ഒരുക്കിയിരിക്കുന്നത്.
യുഡിഎഫിന്റെ പൊന്നാപുരം കോട്ടയില്‍ വിജയസാധ്യത കെഎന്‍എ ഖാദറിന് വ്യക്തമാണ്. എന്നാല്‍ ലീഡില്‍ ഉണ്ടാകുന്ന ഏറ്റക്കുറിച്ചിലുകളാണ് രാഷ്ട്രീയ മാറ്റം ചൂണ്ടിക്കാട്ടുന്നത് എന്ന് വിലയിരുത്താനാകും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെഎന്‍എ ഖാദറും, എല്‍ഫിഎഫ് സ്ഥാനാര്‍ത്ഥിയായി പിപി ബഷീര്‍, ബിജെപി സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രനുമാണ് രംഗത്തുള്ളത്. സ്വതന്ത്രരുള്‍പ്പെടെ ആകെ ആറു സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയിരിക്കുന്നത്.
മികച്ച ഭൂരിപക്ഷത്തില്‍ വിജയം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഖാദര്‍ പറഞ്ഞു. വിജയപ്രതീക്ഷയുണ്ടെന്ന് പിപി ബഷീറും അഭിപ്രായപ്പെട്ടു. അതേസമയം വിജയം ഉറപ്പാണെന്നും, സോളാര്‍ വേങ്ങരയിലെ ഫലത്തെ ബാധിക്കില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.






