
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്കു പരിക്ക്. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിലാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും പാക് സൈന്യം വെടിയുതിര്‍ത്തത്. പരിക്കേറ്റവരില്‍ രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
ഭീംബര്‍ ഗലി സെക്ടറില്‍ ഓട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് വൈകിട്ട് എട്ടു മണിയോടെയായിരുന്നു ആക്രമണമെന്ന് സൈനിക വക്താവ് അറിയിച്ചു. പാക് ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതോടെ മൂന്നു ദിവസത്തിനിടെ പാക് വെടിവയ്പില്‍ പരിക്കേറ്റവരുടെ എണ്ണം പത്തായി. ഇതില്‍ ആറു സൈനികരും ഉള്‍പ്പെടുന്നു. ഇന്നലെ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഉണ്ടായ തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടിരുന്നു. ഒരു പോലീസുകാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.






