
റാഞ്ചി; ജാര്‍ഖണ്ഡില്‍ കഴിഞ്ഞ മാസം മരിച്ച 11 കാരിയുടെ മരണകാരണത്തെ ചൊല്ലി സര്‍ക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും രണ്ടു തട്ടില്‍. പട്ടിണി മൂലമാണ് കുട്ടി മരിച്ചതെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ വാദിക്കുമ്പോള്‍ മലേറിയയാണ് ജീവന് കവര്‍ന്നതെന്ന അവകാശവാദമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്.
കുട്ടിയുടെ കുടുംബത്തിന് റേഷന്‍കാര്‍ഡ് നല്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആധാര്‍ കാര്‍ഡുമായി ചേര്‍ക്കാത്തത് കാരണം റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെടുകയായിരുന്നു.
കടുത്ത മലേറിയ ബാധയെത്തുടര്‍ന്ന് ഏറെ നാളുകളായി കുട്ടി ഗ്രാമത്തിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്നും ഇതേത്തുടര്‍ന്നാണ് മരിച്ചതെന്നും ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ മഞ്ചുനാഥ് ഭജന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടതായി അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്.
എന്നാല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം മറ്റൊന്നാണ്. കുട്ടിയുടെ അമ്മൂമ്മയുടെ പേരില്‍ ഒരു റേഷന്‍ കാര്‍ഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഇത് ആധാറുമായി കൂട്ടിച്ചേര്ക്കാത്തതുകൊണ്ട് ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കപ്പെടുകയായിരുന്നു. ഇത് കാരണം ഫെബ്രുവരി മുതല്‍ ഇവര്‍ക്ക് റേഷന്‍ കിട്ടിയിരുന്നില്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.
മരിച്ച കുട്ടിയുടെ അച്ഛന് ടാറ്റൈ നായക് മാനസീക പ്രശ്നമുള്ളയാളാണ്. അമ്മ ഏറെ നാളുകളായി ജോലി ചെയ്യാന്‍ വയ്യാത്ത അവസ്ഥയിലാണുള്ളത്. നിരവധി ദിവസങ്ങളായി ഇവര്‍ പട്ടിണിയാണെന്നും ഇവര്‍ ആരോപിക്കുന്നു.






