
കൊച്ചി: ചാലക്കുടി രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനുവിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയില്‍ അപ്രതീക്ഷിത നീക്കം. കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റീസ് പി.ഉബൈദ് പിന്മാറി. ഇതേതുടര്‍ന്ന് ഹര്‍ജി മറ്റൊരു ബെഞ്ചിന് പരിഗണിക്കാന്‍ മാറ്റി. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും കോടതി വിലക്കി.
കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിന് ഉദയഭാനു നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ ഉദയഭാനു കേസില്‍ ഏഴാം പ്രതിയാണെന്നും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചിരുന്നു. അന്വേഷണവുമായി മുന്നോട്ടുപോകാന്‍ അനുമതി നല്കിയ കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്.
സെപ്തംബര്‍ 29ന് രാവിലെയാണ് പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിത്തില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തിനിടെയുണ്ടായ ഗുണ്ടായിസമാണ് രാജീവിന്റെ മരണത്തില്‍ കലാശിച്ചത്. രാജീവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി വസ്തു ഇടപാടു രേഖകളില്‍ ബലമായി ഒപ്പുവയ്പ്പിക്കാന്‍ ശ്രമിക്കുന്നിതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് സംശയം. കൊല്ലപ്പെട്ട രാജീവുമായി ഉദയഭാനുവിനുള്ള ബന്ധവും പ്രതികളുമായി ഫോണില്‍ വിളിച്ചിരുന്നുവെന്ന കണ്ടെത്തലുമാണ് കേസില്‍ പ്രതിചേര്‍ക്കാന്‍ ഇടയാക്കിയത്.






