ഛണ്ഡീഗഡ്: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ പശുക്കള്‍ക്കായി പ്രത്യേക പോലീസ് സേന രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ പശുക്കള്‍ക്ക് ഹോസ്റ്റല്‍ പണിയാനൊരുങ്ങി ബി.ജെ.പി ഭരിക്കുന്ന ഹരിയാന സര്‍ക്കാര്‍. നഗര പ്രദേശങ്ങളിലുള്ളവര്‍ക്ക് കാലി വളര്‍ത്തലിന് സഹായകമാകുന്ന രീതിയിലുള്ള ഹോസ്റ്റലുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
ഹരിയാനയിലെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഓം പ്രകാശ് ദന്‍കറാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. പാലിന് ആവശ്യമായ രീതിയില്‍ കന്നുകാലി വളര്ത്തുന്നര്ക്കാകും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഇതിനായി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ 50-100 ഏക്കര്‍ വരെ സ്ഥലം ഏറ്റെടുക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. പശുക്കള്‍ക്ക് പുറമെ എരുമ ഉള്‍പ്പെടെ എല്ലാ കറവ മൃഗങ്ങളെയും ഇവിടെ പാര്‍പ്പിക്കുമെന്നും മന്ത്രി കുട്ടിച്ചേര്‍ത്തു.
ക്ഷീര വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡയറി ഫാമുകളുടെ പ്രവര്‍ത്തനം വിപുലീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. 50 വരെ കറവ മൃഗങ്ങളുള്ള പാല് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് പലിശരഹിത വായ്പ നല്‍കും. വായ്പയ്ക്ക് ഏഴ് വര്‍ഷം തിരിച്ചടവ് കാലാവധിയുണ്ട്.
ഒക്ടോബര്‍ 27ന് ജാജറില്‍ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ ഹരിയാന സ്വര്‍ണ ജയന്തി ക്യാറ്റില്‍ ഫെയര്‍ സംസ്ഥാന ഗവര്‍ണര്‍ കപ്താന് സിങ് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ മുഖ്യാതിഥിയായിരിക്കും. മേളയില്‍ 15000 കര്‍ഷകരും 2500 കാലികളും പങ്കെടുക്കും.






