
ന്യൂഡല്‍ഹി: ദേശീയ രാഷ്ര്ടീയത്തില്‍ ഏറെ വിവാദങ്ങള്‍ക്കു വഴിമരുന്നിട്ട നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനെ ചൊല്ലി ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത. നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ നവംബര്‍ എട്ട് കരിദിനവും വഞ്ചനാദിനവുമായി ആചരിക്കാനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികളും കള്ളപ്പണവിരുദ്ധ ദിനമായി ആചരിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപിയും രംഗത്തെത്തിയതോടെ, നോട്ടുനിരോധനത്തിന്റെ പേരിലുള്ള തര്‍ക്കം വരും ദിനങ്ങളിലും കൂടുതല്‍ കരുത്തോടെ തുടരുമെന്ന് ഉറപ്പായി.
നവംബര്‍ എട്ടിനു കരിദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വാര്‍ത്താസമ്മേളനം വിളിച്ചാണ് ബിജെപിയുടെ നിലപാട് വ്യക്തമാക്കിയത്. നവംബര്‍ എട്ട് വഞ്ചനാദിനമായി ആചരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയും കരിദിനമായി ആചരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. നോട്ടുനിരോധന വാര്‍ഷികത്തിന്റെ അന്ന് സിപിഎം ഉള്‍പ്പെടെയുള്ള 18 പ്രതിപക്ഷ പാര്‍ട്ടികള്‍ കരിദിനാചാരണം നടത്തുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ സമ്പദ്വ്യവസ്ഥ സംബന്ധിച്ച് തെറ്റായ കണക്കുകള്‍ നല്കി കേന്ദ്രം ജനങ്ങളെ പറ്റിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന വാദം പച്ചക്കള്ളമാണ്. സമ്പദ്വ്യവസ്ഥയെ നേരായ ദിശയിലേക്കു നയിക്കാനുള്ള ആശയങ്ങളും ബിജെപിയുടെ കൈവശമില്ല. നോട്ടുനിരോധനത്തിലൂടെ ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു, കര്‍ഷകരെയും കച്ചവടക്കാരെയും ഉള്‍പ്പെടെ ദുരിതത്തിലാക്കി. സമ്പദ്ഘടനയെ നശിപ്പിച്ച് 'ഐസിയു'വിലാക്കുകയാണ് മോദി ചെയ്തതെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ വിമര്‍ശിച്ചു.
എന്നാല്‍, അധികാരത്തിലിരിക്കെ കള്ളപ്പണത്തിനെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും കോണ്‍ഗ്രസ് തയാറായിട്ടില്ലെന്ന് ജയ്റ്റ്ലി തിരിച്ചടിച്ചു. നവംബര്‍ എട്ടു വരെ ബിജെപി മന്ത്രിമാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നോട്ടുനിരോധനംസംബന്ധിച്ച് രാജ്യമൊട്ടാകെ അഭിപ്രായ രൂപീകരണം നടത്തും. കള്ളപ്പണ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജയ്റ്റ്ലി അറിയിച്ചു.
നോട്ടുനിരോധനത്തിന്റെ യഥാര്‍ഥ ലക്ഷ്യത്തെപ്പറ്റി അറിയാത്തവരാണ് കള്ളപ്പണം പുറത്തുകൊണ്ടുവരാനായില്ല എന്ന വിമര്‍ശനമുന്നയിക്കുന്നത്. നോട്ടുരഹിത സമ്പദ്ഘടന കൊണ്ടുവരിക, ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുക, നികുതിക്കു കീഴിലേക്ക് കൂടുതല്‍ പേരെ എത്തിക്കുക എന്നിവയില്‍ ലക്ഷ്യംകാണാന്‍ നോട്ട് അസാധുവാക്കലിനു സാധിച്ചു. അധികാരത്തിലിരിക്കെ രാജ്യത്തെ 'തകര്‍ത്തവരാണ്' ഇപ്പോള്‍ പ്രഭാഷണം നടത്തുന്നതെന്നും ജയ്റ്റ്ലി വിമര്‍ശിച്ചു.






