
ബംഗലുരു: ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത കര്‍ണാടകാ സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന് ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാതിമലയാളിയും കര്‍ണാടക മന്ത്രിയുമായ കെ ജെ ജോര്‍ജ്ജിനെതിരേ സിബിഐ കേസെടുത്തു. കെ ജി ജോര്‍ജ്ജും രണ്ടു ഉന്നത പോലീസ് ഉദ്യോഗസ്ഥരുമാണ് മരണത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസെടുത്തത്.
കെ ജെ ജോര്‍ജ്ജിന് പുറമേ എഡിജിപി എംഎം പ്രസാദ്, ഐജി പ്രണബ് മൊഹന്തി എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കര്‍ണാടകയിലെ കോണഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടിയായിട്ടാണ് സംഭവം മാറുന്നത്. പുതിയ സംഭവവികാസത്തിന്റെ പശ്ചാത്തലത്തില്‍ ജോര്‍ജ്ജ് രാജി വെയ്ക്കണമെന്ന് ബിഎസ് യദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. ജോര്‍ജ്ജ് രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് ബിജെപിനേതാക്കള്‍ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ ഏഴിനാണ് പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടായ എം കെ ഗണപതി എന്ന ഉദ്യോഗസ്ഥര്‍ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ ബംഗലുരുവില്‍ നിന്നും 270 കിലോമീറ്റര്‍ അകലെ കൊടക് ജില്ലയിലെ ഒരു ലോഡ്ജില്‍ നിന്നും കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് തന്നെ മന്ത്രിയും രണ്ടു ഉന്നതോദ്യോഗസ്ഥരും അപമാനിച്ചതായി ഇദ്ദേഹം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഈ മൂന്ന് പേര്‍ക്കായിരിക്കും ഉത്തരവാദിത്വമെന്നും പറഞ്ഞിരുന്നു.
നേരത്തേ സംസ്ഥാനപോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് ക്ളീന്‍ ചിറ്റ് നല്കി അവസാനിപ്പിച്ച കേസ് സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സിബിഐ ഏറ്റെടുത്തത്. ഗണപതിയുടെ കുടുംബം നല്കിയ ഹര്‍ജിയില്‍ സെപ്തംബര്‍ 5 നായിരുന്നു വീണ്ടും അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. നേരത്തേ ആഭ്യന്തരമന്ത്രിയായിരുന്ന ജോര്‍ജ്ജ് ഇപ്പോള്‍ ബംഗലുരു നഗര വികസന മന്ത്രിയാണ്. അദ്ദേഹം രാജിവെച്ച് അന്വേഷണം നേരിടണം എന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന ആവശ്യം.
കഴിഞ്ഞവര്‍ഷം ഉണ്ടായ സംഭവത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ ആദ്യം സഹപ്രവര്‍ത്തകരെ സിദ്ധരാമയ്യ പ്രതിരോധിച്ച് രംഗത്ത് വന്നിരുന്നെങ്കിലും ഒടുവില്‍ ജോര്‍ജ്ജിന് രാജിവെയ്ക്കേണ്ടി വന്നിരുന്നു. കേസ് സര്‍ക്കാര്‍ ഏജന്‍സിയായ ഒരു ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന് നല്‍കുകയും മൂന്ന് മാസം അന്വേഷണം നടത്തി ഇവര്‍ ക്ളീന്‍ചിറ്റ് നല്‍കിയതിനെ തുടര്‍ന്ന് നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും എതിര്‍പ്പിനെ മറികടന്നും ജോര്‍ജ്ജിനെ സിദ്ധരാമയ്യ ക്യാബിനറ്റില്‍ തിരിച്ചെടുത്തിരുന്നു. സിഐഡിയ്ക്ക് കേസ് കൈമാറിയപ്പോള്‍ രാജിവെച്ച ജോര്‍ജ്ജ് സിബിഐ കേസെടുത്തപ്പോള്‍ എന്താണ് ചെയ്യാത്തതെന്നാണ് ബിജെപി ചോദിക്കുന്നത്.






