
ഇടുക്കി : വി.എസ്. സര്‍ക്കാര്‍ കൈയേറ്റഭൂമിയെന്നു കണ്ടെത്തി ഒഴിപ്പിച്ച സ്ഥലത്ത് ആഡംബര റിസോര്‍ട്ട് പണിത് ഭൂമാഫിയ. റിസോര്‍ട്ട് ഉദ്ഘാടനം ചെയ്യുന്നത് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്. ഇടുക്കി-കോട്ടയം അതിര്‍ത്തി പങ്കിടുന്ന വാഗമണ്‍ നാരകക്കുഴിയിലാണു സി.പി.എം. പ്രാദേശിക നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ടുള്ള നീക്കം. ജയരാജനെ കൂടാതെ എം.എല്‍.എമാരായ എ.എം. ആരിഫ്, ഇ.എസ്. ബിജിമോള്‍ എന്നിവരും ഉദ്ഘാടനത്തിനെത്തുന്നുണ്ട്. നവംബര്‍ ഒന്നിനാണ് ഉദ്ഘാടനം. ഇതിന്റെ വലിയ ഫ്ളകസ് ബോര്‍ഡുകള്‍ വാഗമണില്‍ സ്ഥാപിച്ചു തുടങ്ങി. സംഭവത്തെപ്പറ്റി സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കാനുള്ള നീക്കത്തിലാണു പ്രാദേശിക നേതാക്കള്‍.
വി.എസ്. സര്‍ക്കാരിന്റെ കാലത്ത് മൂന്നാറില്‍ നടന്ന കൈയേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി വാഗമണില്‍ 250 ഹെക്ടര്‍ സ്ഥലം കൈയേറ്റക്കാരുടെ കൈവശമാണെന്നു കണ്ടെത്തിയിരുന്നു. ഈ സ്ഥലങ്ങള്‍ ഏറ്റെടുത്ത് 22 ഇടങ്ങളില്‍ സര്‍ക്കാര്‍ബോര്‍ഡ് സ്ഥാപിച്ചിരുന്നു. പിന്നീട് കൈയേറ്റ മാഫിയ വീണ്ടും സ്ഥലം കൈയേറി. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വീണ്ടും കൈയേറ്റമൊഴിപ്പിച്ചു ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഈ ബോര്‍ഡുകളും ഇപ്പോള്‍ കാണാനില്ല.
ഇങ്ങനെ രണ്ടു തവണ ഒഴിപ്പിച്ച സ്ഥലത്താണ് ആഡംബര റിസോര്‍ട്ട് ഉയര്‍ന്നിരിക്കുന്നത്. പട്ടയ ഭൂമിയിലാണ് കെട്ടിടമെന്നാണു നിര്‍മാണം നടത്തുന്നവരുടെ വാദം. കൈയേറ്റഭൂമിയെന്നു കണ്ടെത്തിയ സ്ഥലത്തിന് എങ്ങനെ പട്ടയം ലഭിച്ചെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ചുള്ള മുന്‍കാല രജിസ്റ്ററുകള്‍ വില്ലേജ് ഓഫീസില്‍ നിലവിലില്ല. കുത്തനെ നില്ക്കുന്ന കുന്നിന് മുകളില്‍ തേയിലവച്ചു പിടിപ്പിച്ച ശേഷമാണ് റിസോര്‍ട്ട് നിര്‍മാണം നടത്തിയത്. ചട്ടങ്ങള്‍ അവഗണിച്ച് കെട്ടിട നിര്‍മാണത്തിന് എങ്ങനെ അനുമതി ലഭിച്ചെന്നും വ്യക്തമല്ല.
വാഗമണിലെ മൊട്ടക്കുന്നുകള്‍ ഇടിച്ചു നിരത്തി റിസോര്‍ട്ട് മാഫിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതു തടയുമെന്നു എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണു മുന്‍പ് കൈയേറ്റഭൂമിയെന്നു കണ്ടെത്തിയ സ്ഥലത്ത് റിസോര്‍ട്ട് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. പാര്‍ട്ടിയുമായി അടുപ്പമുള്ളവരുടെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ടെന്നും സൂചനയുണ്ട്.