
കൊച്ചി: ചാലക്കുടിയിലെ വസ്തു ഇടപാടുകാരന് രാജീവിന്റെ വധവുമായി ബന്ധപ്പെട്ട് ഏഴാംപ്രതി അഡ്വ. സി.പി ഉദയഭാനുവിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ല. ഉദയഭാനുവിനെ കസ്റ്റഡിയില്‍ എടുക്കേണ്ടത് അനിവാര്യമാണെന്നും ചില രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് അറിയിച്ചിരുന്നു. കേസ് ഡയറിയും പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
കീഴടങ്ങാന്‍ കൂടുതല്‍ സമയം വേണമെന്ന് ഉദയഭാനുവിന്റെ അഭിഭാഷകന് കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും ഇത് കോടതി അനുവദിച്ചില്ല. ഉടന്‍ കീഴടങ്ങിയില്ലെങ്കില്‍ ഉദയഭാനുവിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരാകും. ഉദയഭാനുവിന്റെ കസ്റ്റഡി അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കസ്റ്റഡി തടഞ്ഞ ജസ്റ്റീസ് പി. ഉബൈദിന്റെ നടപടി തെറ്റാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റീസ് കെ.ഹരിപ്രസാദിന്റെ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്.
നേരത്തെ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചിരുന്ന ജസ്റ്റീസ് പി. ഉബൈദിന്റെ ബെഞ്ച് അറസ്റ്റ് ഇടക്കാല ഉത്തരവിലൂടെ തടയുകയും ഒടുവില്‍ കേസ് വിടുകയും ചെയ്തിരുന്നു. ഹര്‍ജി നീട്ടിവയ്ക്കുന്നത് വഴി പ്രതിക്ക് തെളിവു നശിപ്പിക്കാന്‍ സഹായം ചെയ്തുവെന്ന് കാണിച്ച് ഉദയഭാനുവിന്റെ കുടുംബം സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മറ്റൊരു ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച് തീര്‍പ്പാക്കിയത്.






