
കൊച്ചി: ചാലക്കുടിയില്‍ വസ്തു ഇടപാടുകാരന് രാജീവ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയായ അഡ്വ. സി.പി ഉദയഭാനു ഒളിവിലാണെന്ന് പോലീസ്. വീട്ടിലുള്‍പ്പടെ തിരച്ചില്‍ നടത്തിയിട്ടും അദ്ദേഹത്തെ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് വീട്ടില്‍ നല്കി. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെയാണ് അദ്ദേഹം ഒളിവില്‍ പോയത്.
ഉടന്‍ തന്നെ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, മുന്‍കൂര്‍ ജാമ്യത്തിനായി ഉദയഭാനു സുപ്രീംകോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ നേരിട്ട് ഹാജരാകാമെന്ന ഉദയഭാനുവിന്റെ വാദം തള്ളിയ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.
ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യുഷന് നിലപാട്. 12 പേജ് ഉള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.
രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചയ്ക്ക് ശേഷം ഉദയഭാനുവും പ്രതികളായ ജോണിയും രഞ്ജിത്തും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷന്‍ കിഴില്‍ ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍ രേഖകളും പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. ഗൂഢാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.






