ഛണ്ഡീഗഡ്: കയ്യില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ജുനൈദ് ഖാന് എന്ന യുവാവിനെ കുത്തിക്കൊന്ന പ്രതികളുടെ അഭിഭാഷന് സര്‍ക്കാര്‍ അഭിഭാഷകന്റെ സഹായം. ഹരിയാന സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നവീന്‍ കൗശിക് ആണ് പ്രതികളുടെ അഭിഭാഷകന് സഹായകരമായ നിലപാട് സ്വീകരിച്ചത്. സംഭവം വിവാദമായതോടെ കൗശിക് അഡീഷണല്‍ എ.ജി സ്ഥാനം രാജിവച്ചു. ബുധനാഴ്ചയാണ് കൗശിക് രാജിക്കത്ത് കൈമാറിയത്.
കഴിഞ്ഞ ഈദിന് തൊട്ടുമുന്‍പാണ് ജുനൈദിനെ അക്രമികള്‍ കൊന്നത്. ഈദിന് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി വരികയായിരുന്ന ജുനൈദിനെ ട്രെയിനില്‍ വച്ച് കുത്തിക്കൊല്ലുകയായിരുന്നു. ജുനൈദ്, കൈവശം ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. സഹോദരങ്ങള്‍ക്കൊപ്പമാണ് ജുനൈദ് ട്രെയിനില്‍ സഞ്ചരിച്ചിരുന്നത്. മര്‍ദ്ദനത്തിന് പുറമെ ജുനൈദിനും സഹോദരങ്ങള്‍ക്കുമെതിരെ വംശീയമായി അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു. രാജ്യശ്രദ്ധ ആകര്‍ഷിച്ച കേസാണ് ജുനൈദിന്റെ കൊലപതാകം.
കേസില്‍ മുഖ്യപ്രതിയായ നരേഷ് കുമാറിന്റെ അഭിഭാഷകന് കൗശിക് സഹായം നല്‍കിയെന്നാണ് ആരോപണം. കഴിഞ്ഞ ഒക്ടോബര്‍ 25ന് ഫരീദാബാദ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി വൈ.എസ് റത്തോര്‍ തന്റെ ഇടക്കാല ഉത്തരവിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശിക്കുന്നത്. കോടതിയില്‍ വാദം നടക്കവെ കൗശിക് പ്രതിയുടെ അഭിഭാഷകനെ സഹായിച്ചുവെന്നാണ് ഉത്തരവിലെ പരാമര്‍ശം.
അതേസമയം ചില കേസ് രേഖകളുടെ ഹിന്ദി പരിഭാഷ നല്‍കാനാണ് താന്‍ ഫരീദാബാദ് കോടതിയില്‍ പോയതെന്ന് കൗശിക് പറഞ്ഞു. കോടതികളില്‍ ഇന്ത്യന്‍ ഭാഷ ഉപയോഗിക്കണമെന്ന് വാദിക്കുന്ന ഭാരതീയ ഭാഷ അഭിജാന്‍ എന്ന സംഘടനയുടെ നേതാവ് കൂടിയാണ് കൗശിക്. എന്നാല്‍ സര്‍ക്കാര്‍ കക്ഷിയായ കേസില്‍ അഡീഷണല്‍ എ.ജി എതിര് ഭാഗത്തെ സഹായിക്കുന്നത് ശരിയല്ലെന്ന് എ.ജി ബല്‍ദേവ് രാജ് മഹാജന് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡീഷണല്‍ എ.ജിയുടെ രാജി ആവശ്യപ്പെടുയായിരുന്നെന്ന് മഹാജന് പറഞ്ഞു.






