
സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി നടത്തിയതിന് അറസ്റ്റിലായ ഐപിഎസുകാരന് സഫീര്‍ കരീമിനെ തമിഴ്നാട് സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. അതിനിടെ കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയ്ക്കിടെ കോപ്പിയടി നടന്ന സംഭവത്തില്‍ അന്വേഷണ സംഘം കേരളത്തിലെത്തും. സഫീറിന്റെ ബന്ധുവിനെതിരേയും പരാതിയുണ്ട്. ഇയാള്‍ പിഎസ് സി പരീക്ഷയ്ക്കും ഹൈടക് സംവിധാനം ഉപയോഗിച്ച് ഇടപെടല്‍ നടത്തിയെന്നാണ് സംശയം.സഫീറിനു പിന്നാലെ ഭാര്യ ജോയ്സിയേയും പുഴല്‍ ജയിലിലടച്ചിട്ടുണ്ട്. ഒന്നര വയസുള്ള മകള്‍ സിയയും ഇവര്‍ക്കൊപ്പമാണ്.
ഇതിനിടെയാണ് കേരളത്തിലെ പിഎസ്സി പരീക്ഷയില്‍ സഫീര്‍ കരീമിന്റെ ബന്ധു ഇത്തരത്തില്‍ കോപ്പിയടിച്ചെന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയത്. ഈ ബന്ധുവിനെ ചോദ്യം ചെയ്തു. ഇയാളുടെ സുഹൃത്തും നിരീക്ഷണത്തിലാണ്. കോപ്പിയടിക്കാന്‍ സഹായിച്ച ഭാര്യയെയും ലാ എക്സലന്‍സ് പരിശീലന കേന്ദ്രം ഡയറക്ടര്‍ റാം ബാബുവിനെയും അറസ്റ്റ് ചെയ്തിരുന്നു. മൂവരും പുഴല്‍ ജയിലിലാണ്. അതേസമയം സഫീര്‍ കരീമും ഭാര്യ ജോയ്സിയും കോടതിയില്‍ ജാമ്യാപേക്ഷ നല്കി.
സഫീര്‍ കരീം 112 ാം റാങ്ക് നേടിയാണ് ഐപിഎസിലെത്തിയത്. തിരുവനന്തപുരത്തും കൊച്ചിയിലും കരീംസ് ഐഎഎസ് സ്റ്റഡി സെന്റര്‍ എന്ന പേരില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും നടത്തിയിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയിലെ ഹൈടെക് കോപ്പിയടി സംഭവം വളരെ ഗൗരവത്തോടെയാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കാണുന്നത്. അതുകൊണ്ടു തന്നെ വിശദമായ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം. മുന്‍പു പരീക്ഷിച്ചു വിജയിച്ചതു കൊണ്ടാണ് ആത്മവിശ്വാസത്തോടെ സഫീര്‍ കോപ്പിയടിക്കാന്‍ മുതിര്‍ന്നത് എന്നാണ് അന്വേഷണ സംഘം പറയുന്നത്.






