എസ്. ജാനകിക്ക് പിന്നാലെ ഗായിക പി. സുശീലയുടേയും വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ച് സോഷ്യല്‍ മീഡിയ. സുശീല അന്തരിച്ചു എന്ന വ്യാജ വാര്‍ത്ത വ്യാഴാഴ്ച വൈകിട്ട് മുതലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയത്. ഫെയ്സ്ബുക്കിലാണ് ആദ്യ വാര്‍ത്ത പ്രചരിച്ചത്. തുടര്‍ന്ന് മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്ത പ്രചരിച്ചു.
സത്യാവസ്ഥ അറിയാതെ പലരും വാര്‍ത്ത ഷെയര്‍ ചെയ്തു. തുടര്‍ന്ന് ട്വിറ്ററിലും ഫെയ്സ്ബുക്കിലുമെല്ലാം ആദരാഞ്ജലി പോസ്റ്റുകള്‍ വ്യാപകമായി. ഒടുവില്‍ അമേരിക്കയില്‍ അവധിക്കാലം ആഘോഷിക്കുകയായിരുന്നു സുശീലയ്ക്ക് തന്നെ താന്‍ ജീവിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കി രംഗത്ത് വരേണ്ടി വന്നു. ഒരു വീഡിയോയിലൂടെയാണ് താന്‍ ജീവിച്ചിരിക്കുന്നുവെന്ന് സുശീല വെളിപ്പെടുത്തിയത്.
എന്നെക്കുറിച്ചുള്ള ചില പ്രചരണങ്ങള്‍ നടക്കുന്നത് കാണാനിടയായി. ഞാനിവിടെ അമേരിക്കയില്‍ പൂര്‍ണ ആരോഗ്യവതിയായി കഴിയുകയാണ്. അടുത്ത ദിവസം തന്നെ ഇന്ത്യയിലേക്ക് മടങ്ങും. തിരിച്ചെത്തിക്കഴിഞ്ഞാല്‍ ഞാന്‍ സ്വസ്ഥയാകും അഭിമുഖത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാം. ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ തെറ്റാണ്. അത് വിശ്വസിക്കരുത്. എനിക്കൊരു കുഴപ്പവുമില്ല-വീഡിയോ സന്ദേശത്തില്‍ സുശീല പറഞ്ഞു.






