
തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ ഏഴാം പ്രതി അഡ്വ.സി.പി ഉദയഭാനുവിനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒമ്പതിനു രാവിലെ 11 മണിക്ക് ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കണം. നാലു ദിവസത്തേക്ക് കസ്റ്റഡി ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഉദയഭാനു ഇരിങ്ങാലക്കുട സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. കസ്റ്റഡിയില്‍ വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് കോടതിയെ സമീപിച്ചത്. കേസിലെ മറ്റ് ആറ് പ്രതികളും റിമാന്‍ഡിലാണ്.
രാജീവുമായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തെളിവെടുപ്പിനാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ഭൂമി ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ രാജീവിനെ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി ബലമായി രേഖകളില്‍ ഒപ്പുവയ്പ്പിക്കവേയാണ് കൊലപാതകം നടന്നത്. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും കേസിലെ ആദ്യ നാലു പ്രതികള്‍ക്കു സംഭവിച്ച കയ്യബദ്ധമാണിതെന്നാണ് ഉദയഭാനുവിന്റെ നിലപാട്. ചോദ്യളോട് ഉദയഭാനു സഹകരിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.






