
കൊച്ചി: കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മയുടെ പരാമര്‍ശത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. കേരളംപോലെയുള്ള ഒരു സംസ്ഥാനം മതനിരപേക്ഷതയിലും മറ്റും വളരെ ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കുന്നതാണ്. ദേശീയതലത്തില്‍ കേരളത്തെ ഇകഴ്ത്തികാണിക്കാനുള്ള നീക്കമാണ് ദേശീയ വനിതാ കമ്മീഷന് നടത്തിയത്. കേരളത്തിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കാതെയാണ് പരാമര്‍ശമാണിത്.
ഹാദിയ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പരാമര്‍ശം അനൗചിത്യത്തിലുള്ളതാണ്. രേഖയുടെ പരാമര്‍ശം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് സംശയിക്കുന്നു. ഹാദിയയ്ക്ക് മനുഷ്യാവകാശ ലംഘനമുണ്ടോയെന്ന് അവര്‍ കോടതിയില്‍ എത്തുമ്പോള്‍ മനസ്സിലാകുമെന്നും എം.സി ജോസഫൈന് പറഞ്ഞു.
ഹാദിയയെ കാണാന്‍ സംസ്ഥാന വനിതാ കമ്മീഷന് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ കമ്മീഷന്റെ അന്വേഷണ സംഘത്തിലെ എസ്.പി അടക്കമുള്ളവര്‍ക്ക് ഹാദിയയെ കണ്ട് വിവരങ്ങള്‍ തേടാന്‍ അവസരമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന് നിലപാട് സ്വീകരിച്ചതെന്നും ജോസഫൈന് വ്യക്തമാക്കി.
ഇന്നലെ ഹാദിയയെ കണ്ട ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ കൂടിക്കാഴ്ചയ്ക്കു ശേഷം ഹാദിയ സന്തോഷവതിയാണെന്നും വീട്ടുതടങ്കലിലല്ലെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരളത്തില്‍ ലൗ ജിഹാദല്ല നടക്കുന്നതെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്നും അവര്‍ ആരോപിച്ചിരുന്നു. മൊബൈലില്‍ ഹാദിയയുടെ ചിത്രവും എടുത്ത് അവര്‍ പ്രചരിപ്പിച്ചിരുന്നു.
രേഖ ശര്‍മ്മ ഇന്ന് മതപരിവര്‍ത്തനം നടത്തിയ മറ്റൊരു യുവതി നിമിഷ ഫാമിത്തയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.






