
കൊച്ചി: പുതുച്ചേരിയില്‍ നടി അമലാ പോളിന്റെ വിലാസം തേടിപ്പോയവര്‍ കണ്ടതു കുടുസുമുറി. ഫഹദ് ഫാസിലിന്റെ വിലാസത്തില്‍ റോഡുമാത്രം. കാരാട്ട് ഫൈസലിന്റെ വാഹന രജിസ്ട്രേഷന് വിലാസത്തില്‍ പട്ടിണിപ്പാവങ്ങള്‍. ആഢംബര വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പുതുച്ചേരിയിലെത്തിയ അന്വേഷണസംഘം കണ്ടതു തട്ടിപ്പിന്റെ വമ്പന്‍ കാഴ്ചകള്‍.
നികുതി വെട്ടിക്കാന്‍ പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷന് നടത്താന്‍ പ്രമുഖര്‍ കടമെടുത്തിരിക്കുന്ന വിലാസക്കാരില്‍ ഭൂരിഭാഗവും കാറുപോയിട്ട് കാലിച്ചായ കുടിക്കാന്‍ ഗതിയില്ലാത്തവര്‍. പുതുച്ചേരിയിലെ ചേരിനിവാസികളുടെ വിലാസത്തിലാണു ഭൂരിഭാഗം ആഢംബര വാഹനങ്ങളുടെയും രജിസ്ട്രേഷന് നടത്തിയിരിക്കുന്നത്. അമലാ പോള്‍ നല്കിയ വിലാസത്തില്‍ കണ്ടത് നാലുനില കെട്ടിടത്തിനു മുകളില്‍ നിന്നുതിരിയാന്‍ കഴിയാത്ത കുടുസുമുറിയാണ്. ഫഹദ് ഫാസില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു വിലാസം നിലവിലില്ല.
ഇതേ നമ്പരിലുള്ള ഒരു റോഡ് മാത്രമാണ് ഇവിടെയുള്ളത്. ഒരേ വിലാസത്തില്‍ പല വാഹനങ്ങളാണു രജിസ്ട്രേഷന് നടത്തിയിട്ടുള്ളത്. ഫഹദ് വാഹന രജിസ്ട്രേഷന് നടത്തിയ അതേ വിലാസത്തില്‍ മറ്റു രണ്ടുപേര്‍ കൂടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഒരു പ്രമുഖ ബിസിനസുകാരന് ഒരേ വിലാസത്തില്‍ മൂന്ന് ആഡംബര വാഹനങ്ങളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ രജിസ്ട്രേഷന് നടപടികള്‍ നടത്താന്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
കൊച്ചിയില്‍ നിന്നെത്തിയ മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് പരിശോധനകള്‍ നടത്തിവരികയാണ്. നാല്‍പ്പതിലേറെ വിലാസങ്ങളാണ് ഇവര്‍ പരിശോധിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പിന്നാലെ മാഫിയ വട്ടംചുറ്റുന്നതായും സൂചനയുണ്ട്. രണ്ടു ദിവസങ്ങളിലായി ഉദ്യോഗസ്ഥരെ കാറിലെത്തിയ സംഘം പിന്തുടര്ന്നിരുന്നു. ഉദ്യോഗസ്ഥര്‍ പോലീസ് സഹായം തേടിയതോടെയാണു കാറിലെത്തിയ സംഘം പോയത്.






