
ഗുഡ്ഗാവ് : ഹരിയാനയിലെ ഗുരുഗ്രാം റയാന് സ്കൂളില്‍ എട്ടു വയസ്സുകാരന് കൊല്ലപ്പെട്ട സംഭവത്തില്‍ സ്കൂള്‍ ബസ് ജീവനക്കാരന് അശോക് കുമാറിന്റെ കുടുംബം പോലീസിനെതിരെ രംഗത്ത്. അശോക് കുമാറിനെ കേസില്‍ മന:പൂര്‍വ്വം പ്രതിയാക്കാനായിരുന്നു ആദ്യം കേസ് അന്വേഷിച്ച പോലീസിന്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നല്‍കും.
വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് അതേ സ്കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണെന്ന് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് പോലീസിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകാനുളള തീരുമാനത്തില്‍ കുടുംബം എത്തിച്ചേര്‍ന്നത്. കൃത്രിമ തെളിവുണ്ടാക്കാനായി തന്റെ മകനെ ബലിയാടാക്കാനാണ് പോലീസ് ശ്രമിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണെന്നും കേസ് അന്വേഷിച്ച ഗുഡ്ഗാവ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുമെന്നും അശോക് കുമാറിന്റെ പിതാവ് അമീര്‍ചന്ദ് പറഞ്ഞു.
കുറ്റം സമ്മതിക്കുന്നതിനും മാധ്യമങ്ങള്‍ക്കു മുന്നില്‍ ഏറ്റുപറയുന്നതിനും അശോക് കുമാറലിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചില മരുന്നുകള്‍ നല്‍കുകയും ചെയ്തതായും നാട്ടുകാരുടെ സാമ്പത്തിക പിന്തുണതേടിക്കൊണ്ടാണ് നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതെന്നും കുടുംബം പറഞ്ഞു. ലൈംഗീക പീഡനം നടത്താനുള്ള ശ്രമം കുട്ടി തടഞ്ഞപ്പോള്‍ അശോക് കുമാര്‍ കുട്ടിയെ കൊന്നുവെന്നായിരുന്നു പോലീസ് ഭാഷ്യം. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ ചിലത് മറച്ചുവയ്ക്കുന്നുവെന്ന് കുട്ടിയുടെ മാതാപിതാക്കളും കുറ്റപ്പെടുത്തിയിരുന്നു.
ഇതിനിടെ, പോലീസ് പ്രതിയെ കണ്ടെത്തിയിട്ടും അത് അംഗീകരിക്കാതെ സിബിഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ഉറച്ച നിലപാടിനെ തുടര്‍ന്നാണ് ഹരിയാന ഭരിക്കുന്ന മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയത് അതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തിയത്.
പോലീസ് അന്വേഷണത്തില്‍ കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ കത്തി തന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചത്. എന്നാല്‍ ബസ് ഡ്രൈവറാണ് കൊല നടത്തിയതെന്ന് സ്ഥാപിക്കാന്‍ പോലീസാണ് ഈ കത്തി സ്കൂള്‍ ബസില്‍ വച്ചതെന്ന് സിബിഐ പറയുന്നു.






