തിരുവനന്തപുരം: കഴിഞ്ഞ ദിവസം നഗരത്തിലെ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയ എല്ലാവരും ഒന്നു അമ്പരന്നു. ഭിത്തിയില്‍ നിറയെ മനോഹരമായ പൂക്കള്‍ മറ്റു അലങ്കാരങ്ങള്‍ എല്ലാം കൂട്ടി ഒരു കുട്ടികളുടെ പാര്‍ക്ക് എന്ന് തെറ്റിധരിപ്പിക്കുന്ന രീതിയില്‍ നഗരത്തിലെ സ്റ്റേഷന് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ശിശുസൗഹൃദ പോലീസ് സ്റ്റേഷനായതോടെ ഫാര്‍ട്ട് സ്റ്റേഷന് ഇത്തരത്തില്‍ ഒരു അടിമുടി മാറ്റമുണ്ടായിരിക്കുന്നത്.
കുട്ടികളുടെ അവകാശങ്ങളും സംരക്ഷണങ്ങളും ഉറപ്പ് വരുത്തുക പോലീസ് സ്റ്റേഷനുകള്‍ ശിശു സൗഹൃദമാകുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരളത്തിലെ ആറ് പോലീസ് സ്റ്റേഷനുകളെ ശിശു സൗഹൃദ സ്റ്റേഷനായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളാണ് ആദ്യഘട്ടം ഈ പദ്ധതി നടപ്പാക്കുന്നത്.
കുട്ടികളുമായി സംവദിക്കുന്നതിന് പ്രത്യേകമായ മുറിയും മറ്റ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിജ്ഞാനപ്രദമായ പുസ്തകങ്ങളും മാസികകളും നിയമപുസ്തകങ്ങളും മറ്റ് സാമഗ്രികളും സ്റ്റേഷനുകളില്‍ ലഭ്യമായിരിക്കും.
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സോ ആക്ട് തുടങ്ങിയ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പിക്കുന്നതിനുള്ള മുഴുവന്‍ നിയമങ്ങളും കര്‍ശനമായി നടപ്പാക്കുക. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെയും നിയമപരമായ പ്രശ്നങ്ങളില്‍ അകപ്പെടുകയോ മറ്റു രീതിയില്‍ നിയമങ്ങളുമായി ബന്ധപ്പെട്ടുനില്ക്കുകയോ ചെയ്യുന്ന എല്ലാ കുട്ടികളെയും സ്റ്റേഷന് അടിസ്ഥാനത്തില്‍ കണ്ടെത്തുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.





