
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിയോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വ നഷ്ടം ഉയര്‍ത്തിക്കാട്ടി സോളാര്‍ക്കേസ് പ്രതിരോധിക്കാന്‍ യു.ഡി.എഫ്. നീക്കം. മുന്നണിക്കും കോണ്‍ഗ്രസിനും ഇതു വലിയരാഷ്ട്രീയ നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. മന്ത്രിക്കായി വാദിക്കാന്‍ കോണ്‍ഗ്രസ് നേതാവ് വിവേക് തന്‍ഖ വന്നതു ക്ഷീണമായെങ്കിലും മറ്റൊരുതലത്തിലേക്ക് വിഷയം സി.പി.ഐ. കൊണ്ടുപോയത് വലിയ ആശ്വാസമായി.
തങ്ങളെ രാഷ്ട്രീയമായി കുരുക്കിലാക്കുന്ന സോളാറില്‍ ഈ വിഷയം സര്‍ക്കാരിനെതിരേ ശക്തമായ ആയുധമാക്കാനാണു കോണ്‍ഗ്രസ് ആലോചിക്കുന്നത്. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിനെക്കുറിച്ചു കഴിഞ്ഞദിവസം െഹെക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിക്കുകയും അത് അസാധാരണമായ സംഭവമാണെന്ന് മുഖ്യമന്ത്രി പറയുകയും ചെയ്തു.
മന്ത്രിസഭാ രൂപീകരണം മുതല്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള അഭിപ്രായഭിന്നത പരമാവധി മുതലാക്കുന്നതിനുള്ള നീക്കത്തിലാണു കോണ്‍ഗ്രസ്. 1967 ലേതിന് സമാനമായ അന്തരീക്ഷമാണ് ഇടതുമുന്നണിയിലുണ്ടായതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാടെ തകര്‍ന്ന കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന ഏറ്റവും നല്ല രാഷ്ട്രീയ അവസരമാണിത്. അത് പരമാവധി മുതലെടുക്കാനുള്ള തന്ത്രം പാര്‍ട്ടി പുറത്തെടുക്കും. കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നെങ്കിലും ശക്തമായി തന്നെയാണ് പ്രതിപക്ഷനേതാവും മറ്റും ഈ വിഷയം െകെകാര്യം ചെയ്തത്. അതുകൊണ്ടുകൂടിയാണ് ഇതു സജീവമായി നിലനിര്‍ത്താന്‍ കഴിഞ്ഞതെന്നാണ് വാദം.
തോമസ്ചാണ്ടിക്കെതിരേ നിലപാട് സ്വീകരിക്കാനായെന്ന് മാത്രമല്ല, സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടുവര്‍ഷം തികയുന്നതിന് മുമ്പുതന്നെ മൂന്നു മന്ത്രിമാര്‍ രാജിവച്ചതിലൂടെ പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാക്കാനും നഷ്ടപ്പെട്ട ശക്തിതിരിച്ചുപിടിക്കാനും കഴിഞ്ഞുവെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഇക്കാര്യത്തില്‍ ബി.ജെ.പിയെ നിഷ്പ്രഭമാക്കാനായെന്നുമാണ് അവരുടെ അഭിപ്രായം.






