
ആലപ്പുഴ: പ്രവാസിവ്യവസായിയും പൊതുപ്രവര്‍ത്തകനുമായ തോമസ് ചാണ്ടി എന്നും വിവാദങ്ങളുടെ തോഴനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പേ മന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചു. എല്‍.ഡി.എഫ്. അധികാരത്തിലേറിയാല്‍ ജലവിഭവ വകുപ്പു ഭരിക്കുമെന്നും മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിലും കടിഞ്ഞാന്‍ തന്റെ െകെയിലായിരിക്കുമെന്ന അദ്ദേഹത്തിന്റെ പരസ്യപ്രതികരണം എന്‍.സി.പിയെയും എല്‍.ഡി.എഫിനെയും വെട്ടിലാക്കി. തുറന്നടിച്ചുള്ള തോമസ് ചാണ്ടിയുടെ പ്രതികരണം ഇതാദ്യമായിരുന്നില്ല.
കുെവെത്തില്‍ സ്കൂളുകളടക്കം വന്‍ വ്യവസായ സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ശതകോടീശ്വരന്‍ രാഷ്ട്രീയരംഗത്ത് സജീവമായകാലം മുതല്‍ വിവാദങ്ങള്‍ കൂടപ്പിറപ്പായിരുന്നു. ചെറുപ്പത്തില്‍ കെ.എസ്.യു. കുട്ടനാട് യൂണിറ്റ് പ്രസിഡന്റായിരുന്നു. പിന്നീട് എല്ലാം വിട്ടെറിഞ്ഞ് വ്യവസായത്തില്‍ ചുവടുറപ്പിച്ചു. കുെവെത്ത് ചാണ്ടിയെന്ന് വിളിപ്പേര് വന്നു. തിരക്കുകള്‍ക്കിടയിലും കോണ്‍ഗ്രസ് ചായ്വുള്ളള ദേശീയവേദിയുടെ ഭാരവാഹിയായി പ്രവാസി മലയാളികള്‍ക്കിടയില്‍ സജീവമായി.
വന്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തതിനുശേഷം രാഷ്ട്രീയത്തിലേക്കുളള രണ്ടാംവരവ് തന്നെ വിവാദത്തിന്റെ അലയൊലികളുമായായിരുന്നു. ചെറുപ്പത്തില്‍ കെ. കരുണാകരനോട് ആരാധനയുണ്ടായിരുന്നു. 1996 -ല്‍ രാഷ്ട്രീയ പുനഃപ്രവേശം സാധ്യമായപ്പോള്‍ കരുണാകരന്റെ പാളയത്തിലെത്തി. ഈ ഘട്ടത്തിലാണ് കരുണാകരന് പുറത്തുവന്ന് ഡി.ഐ.സി. രൂപീകരിച്ചത്. അദ്ദേഹവും ഒപ്പംകൂടി. പിന്നീട് എന്‍.സി.പിയില്‍ ഡി.ഐ.സി. ലയിച്ചു. കരുണാകരന് മാതൃസംഘടനയിലേക്ക് തിരികെപ്പോയി. എന്നാല്‍, ചാണ്ടി എന്‍.സി.പിയില്‍ നിലയുറപ്പിച്ചു. 2006 ലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ കന്നിയങ്കം. കെ. കരുണാകരന്റെ കൂടി പിന്തുണയോടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി.
ദീര്‍ഘകാലമായി കുട്ടനാടിന്റെ എം.എല്‍.എയായിരുന്ന കേരളാ കോണ്‍ഗ്രസി (ജോസഫ്)ലെ ഡോ. കെ.സി ജോസഫായിരുന്നു എതിരാളി. കുട്ടനാടിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി പണക്കൊഴുപ്പോടെ നടത്തിയ പ്രചാരണത്തില്‍ ജോസഫിന്റെ കാലിടറി. കേരളാ കോണ്‍ഗ്രസിന്റെ കുത്തകസീറ്റ് പിടിച്ചെടുത്ത ചാണ്ടി, പെട്ടെന്നുതന്നെ യു.ഡി.എഫ്. നേതാക്കള്‍ക്കു പ്രിയങ്കരനായി. ഒപ്പം ടൂറിസം സംരംഭങ്ങളും വളര്‍ന്നു. 2011-ലെ തെരഞ്ഞെടുപ്പില്‍ മുന്നണി മാറി. മറുപക്ഷത്തും അതുതന്നെ സ്ഥിതി.
എല്‍.ഡി.എഫിനൊപ്പം എന്‍.സി.പി. ചേര്‍ന്നു. ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസി (എം)ല്‍ ലയിച്ചതോടെ ഡോ. കെ.സി ജോസഫ് യു.ഡി.എഫിലെത്തി. ഇത്തവണയും വിജയം ചാണ്ടിക്കുതന്നെ. 2016 -ലെത്തിയപ്പോള്‍ കുട്ടനാട്ടിന്റെ വികസന പിന്നാക്കാവസ്ഥയടക്കം വിവിധ പരാതികള്‍ എല്‍.ഡി.എഫിന്റെ പ്രാദേശിക ഘടകങ്ങള്ക്കുണ്ടായിരുന്നെങ്കിലും സി.പി.എമ്മിന് ചാണ്ടിയോടുള്ള മമത തെല്ലും കുറഞ്ഞിരുന്നില്ല. കുട്ടനാട് ഏറ്റെടുക്കണമെന്ന സി.പി.എം. ജില്ലാക്കമ്മിറ്റിയുടെ ആവശ്യം നിരാകരിക്കപ്പെട്ടു.
വീണ്ടും തോമസ് ചാണ്ടിക്ക് തന്നെ നറുക്കുവീണു. ത്രികോണ മത്സരത്തിലാണു ഹാട്രിക് സ്വന്തമാക്കിയത്. മന്ത്രി സ്ഥാനത്തിനായി നടത്തിയ ചരടുവലികള്‍ ഫലിച്ചില്ലെങ്കിലും ചില ധാരണകളുണ്ടെന്ന വാദം നിരത്തി ഗതാഗതമന്ത്രിയായി ചുമതലയേറ്റ എ.കെ. ശശീന്ദ്രനു പിന്നില്‍ നിന്നു. രണ്ടു സര്‍ക്കാരുകളുടെ കാലയളവിലായി നാലുകോടി രൂപയോളം ചികിത്സാച്ചെലവായി ഖജനാവില്‍നിന്ന് െകെപ്പറ്റിയെന്ന കണക്കുകള്‍ ഏറെ വിവാദമായി. െലെംഗികാപവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ ശശിന്ദ്രന് രാജിവച്ചതോടെ കഴിഞ്ഞ ഏപ്രില്‍ ഒന്നിന് തോമസ് ചാണ്ടി ഗതാഗതമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ സ്ഥാനത്ത് അധികകാലമാകും മുമ്പ് ഭൂമിയിടപാടിനെച്ചൊല്ലി ആരോപണമുയര്‍ന്നു. പ്രശ്നത്തെ വികാരപരമായി നേരിട്ട അദ്ദേഹം ആദ്യം നിയമസഭയിലും പിന്നീട് വിവിധ വേദികളിലും നടത്തിയ പരാമര്‍ശങ്ങള്‍ വിവാദം ആളിക്കത്തിച്ചു.
മാധ്യമങ്ങളെ കാണരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശവും മറികടന്നു. ജനജാഗ്രത യാത്രയുടെ കുട്ടനാട്ടിലെ സ്വീകരണവേദിയില്‍ ജാഥാ ക്യാപ്റ്റന്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം വേദി പങ്കിട്ട് നടത്തിയ വെല്ലുവിളിപ്രസംഗം കാര്യങ്ങള്‍ കീഴ്മേല്‍ മറിച്ചു. ഒടുവില്‍ പാര്‍ട്ടി പ്രസിഡന്റിന് രാജിക്കത്ത് നല്കി ഔദ്യോഗികവാഹനത്തില്‍ തന്നെ കുട്ടനാട്ടിലെ വസതിയിലെത്തി നടത്തിയ പത്രസമ്മേളനത്തിലും, ഒരു ശതമാനം പോലും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പേരിലാണ് താന്‍ രാജിവച്ചതെന്നും കലക്ടറുടെ റിപ്പോര്‍ട്ടിലേറെയും തെറ്റുകളാണെന്നും വാദിച്ചു കൊണ്ടേയിരുന്നു. മന്ത്രിസ്ഥാനത്തിരുന്ന് കൊതിതീരും മുമ്പ് പടിയിറങ്ങേണ്ടി വന്ന തോമസ് ചാണ്ടിയുടെ ഇനിയുള്ള നീക്കം കണ്ടറിയേണ്ടിയിരിക്കുന്നു.






