പത്തനംതിട്ട: മന്ത്രി കെ.കെ ഷൈലജയ്ക്കൊപ്പം മറ്റൊരു സ്ത്രീ ശബരിമലയില്‍ കയറിയത് വിവാദമാക്കി സംഘപരിവാര്‍ അനുഭാവികള്‍. മന്ത്രിയുടെ ബന്ധുവും എന്‍.എച്ച്.എം നാഷണ്യ ഹെല്‍ത്ത് മിഷനിലെ ഉദ്യോഗസ്ഥയുമായ അനില ജനാര്ദ്ദനനണ് ശബരിമലയില്‍ കയറിയത്. അവര്‍ മുപ്പത്താറുകാരിയാണെന്നാണ് സംഘപരിവാര്‍ അനുഭാവികളുടെ ആരോപണം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാനുള്ള പ്രായപരിധി ലംഘിച്ച് മന്ത്രി ബന്ധു കയറിയെന്നും ആചാരങ്ങള്‍ തെറ്റിച്ചുവെന്നുമാണ് ആരോപണം.
മുപ്പത്താറുകാരിയായ നിങ്ങള്‍ എങ്ങനെ ശബരിമല കയറുമെന്ന് ചോദിച്ച് അനിലയുടെ ഫെയ്സ്ബുക്ക് പേജില്‍ സംഘടിത ആക്രമണമാണ് നടക്കുന്നത്. അന്‍പത് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാമെന്നിരിക്കെയാണ് 51 വയസ് കഴിഞ്ഞ അനിലയ്ക്കെതിരായ ആക്രമണം. ഹിന്ദുവിന്റെ ആചാരങ്ങളെയും വിശ്വാസത്തെയും ബോധപൂര്‍വം അപമാനിക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം.
ഇത് അനില സി.ജെ വയസ് 43, മന്ത്രി മാഡത്തിനൊപ്പം സന്നിധാന ദര്‍ശനം നടത്തിയ നിരീശ്വരവാദി ഭക്ത. ഒരു ഭരണകൂടം ഒന്നടങ്കം ജനതയുടെ വിശ്വാസ പ്രമാണങ്ങളെ വെല്ലുവിളിക്കുന്നത് നോക്കി നില്‍ക്കേണ്ടി വരുന്ന സമൂഹത്തിന്റെ ഗതികേടിന്റെ പേരില്‍ ലജ്ജിക്കാമെന്ന് മറ്റൊരു വിഭാഗം.
അതേസമയം അനിലയെ പിന്തുണയ്ക്കുന്നവരും രംഗത്തുണ്ട്. 1966ല്‍ ജനിച്ച ഒരു വ്യക്തിക്ക് 2017ല്‍ ശബരിമലയില്‍ കയറാന്‍ സംഘികളുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അവരെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. 51 വയസ് കഴിഞ്ഞ സ്ത്രീയാണെന്ന് വ്യക്തമായിട്ടും നിര്‍ത്താതെ ചീത്ത വിളിക്കുന്നവരുടെ ഉദ്ദേശം സര്‍ക്കാരിനെ അധിക്ഷേപിക്കുകയും വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുകയാണെന്നും അനിലയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.






