
ഹൈദരാബാദ്: സംസ്ഥാനത്തുടനീളമായി നടക്കുന്ന കൂട്ട വിവാഹങ്ങളെ തുടര്‍ന്ന് ആന്ധ്രാ നിയമസഭാ സമ്മേളനം പ്രതിസന്ധിയില്‍. ഈ മാസം ആദ്യം മുതല്‍ അവസാനം വരെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ ആഴ്ച രണ്ടു ദിവസത്തെ അവധി ചോദിച്ചെത്തിയത് 100 എംഎല്‍എമാരായിരുന്നു. ആഴ്ചാവാസാനത്തെ രണ്ടു അവധിദിനത്തിന് പുറമേ രണ്ടു ദിവസത്തെ അവധി സ്പീക്കര്‍ കൊടേല ശിവപ്രസാദ് റാവു എല്ലാവര്ക്കും അനുവദിക്കുകയും ചെയ്തു.
ഇതോടെ മൊത്തം നാലു ദിവസം ലാവിഷായി തന്നെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് ആന്ധ്രാ എംഎല്‍എമാര്‍ക്ക് കിട്ടിയിരിക്കുന്നത്. ആന്ധ്രയില്‍ ആകെയുള്ളത് 176 സീറ്റാണ്. ഇതില്‍ പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ 67 എംഎല്‍എമാര്‍ പൂര്‍ണ്ണമായ വിയോജിപ്പില്‍ സഭയുടെ മുഴുവന്‍ സെഷനും ബഹിഷ്ക്കരിച്ചിരിക്കുകയാണ്. പിന്നീടുള്ളത് ബിജെപിയുടെ മൂന്ന് പേരാണ്. 100 എംഎല്‍എമാര്‍ അവധികൂടി നേടിയതോടെ സഭാ നടപടികള്‍ ഏറെക്കുറെ നിശ്ചലമായി.
വിവാഹത്തിന് ശുഭമുഹൂര്‍ത്തമായ കാലയളവ് ആയതിനാല്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ ആന്ധ്രയില്‍ ഉടനീളമായി നടക്കാന്‍ പോകുന്നത് ഏകദേശം 1.2 ലക്ഷം വിവാഹങ്ങളാണ്. തെലുഗു ദേശം പാര്‍ട്ടി ഭരിക്കുന്ന ആന്ധ്രാ നിയമസഭ ചേരുന്നത് 30 ാം തീയതി വരെയാണ്. കഴിഞ്ഞയാഴ്ചയും രണ്ടു ദിവസം സാമാജികരുടെ അസാന്നിദ്ധ്യം ഉണ്ടായിരുന്നു. ബില്‍ ആന്റ് മെലിന്‍ഡാ ഗേറ്റ്സ് ഫൗണ്ടേഷന്റെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ സംഘടിപ്പിച്ച എജിടെക് ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിന് വേണ്ടിയായിരുന്നു ഈ അവധി നല്‍കിയത്.






