കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ അന്ന് വൈകിട്ട് പള്‍സര്‍ സുനി സന്ദര്‍ശിച്ച യുവതിക്കായി പോലീസ് അന്വേഷണം. പൊന്നുരുന്നി ജൂണിയര്‍ ജനതാ റോഡില്‍ താമസക്കാരിയായ ഒരു യുവതിയുടെ വീട്ടിലേക്കാണ് ഇയാള്‍ അന്ന് വൈകിട്ട് എത്തിയത്. അയല്‍വാസിയുടെ മതില് ചാടിക്കടന്ന് സുനി എത്തുന്നതിന്റെ ക്യാമറ ദൃശ്യങ്ങള്‍ പിറ്റേന്ന് പോലീസിന് ലഭിച്ചിരുന്നു. പിറ്റേന്ന് ഉച്ചയോടെ യുവതി ദുബായിലേക്ക് പോയതായും പോലീസ് കണ്ടെത്തി.
ഇക്കാര്യം വ്യക്തമായിട്ടും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് വിശദമായ പരിശോധന നടത്താതിരുന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ആ ഉദ്യോഗസ്ഥനെ മാറ്റി കേസ് അന്വേഷണത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയത് ഐജി ദിനേന്ദ്ര കശ്യപിന്റെ കര്‍ശന നിലപാട് കാരണമാണ്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഈ യുവതി വഴി വിദേശത്തേക്ക് കടത്തിയോ എന്നാണ് പോലീസ് സംശയിക്കുന്നത്.
നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്ന വിവരം മറഞ്ഞുവയ്ക്കാനാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവര്‍ മൊഴി നല്‍കിയതെന്ന് പോലീസ് നിഗമനം. മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തിയാല്‍ പോലീസിന് കുറ്റപത്രം പുതുക്കേണ്ടി വരും. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടെ മാറ്റം വരാനുള്ള സാധ്യതയും പോലീസ് ചൂണ്ടിക്കാട്ടുന്നു.






