കൊച്ചി: സത്യം ജയിക്കുമെന്നും ഹാദിയയുമായി ഒന്നിക്കുമെന്നും ഭര്‍ത്താവ് ഷെഫിന് ജഹാന്. തനിക്ക് ഭര്‍ത്താവിനൊപ്പം പോകാനാണ് ആഗ്രഹമെന്ന് ഹാദിയ വെളിപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയില്‍ ഹാജരാകുന്നതിന് ഡല്‍ഹിയിലേക്ക് പോകുമമ്പാഴായിരുന്നു ഹാദിയയുടെ പ്രതികരണം. ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹാദിയ പറഞ്ഞിരുന്നു. ഡല്‍ഹിയിലേക്ക് പോകുന്നതിന് വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴായിരുന്നു ഹാദിയയുടെ പ്രതികരണം.
ഹാദിയയുടെ പ്രസ്താവനയെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമത്തോടാണ് ഷെഫിന് ജഹാന്റെ പ്രതികരണം. സുപ്രീം കോടതി ഹാദിയയെ കേള്‍ക്കുന്ന 27-ാം തീയതിക്ക് ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും അതിന് ശേഷം മാധ്യമങ്ങളെ കാണുമെന്നും ഷെഫിന് വ്യക്തമാക്കി. ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച് ഷെഫിന് ജഹാനുമായുള്ള വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
വിവാഹം റദ്ദാക്കിയതിന് ശേഷം ഹാദിയ പിതാവിന്റെ സംരക്ഷണയിലാണ് കഴിയുന്നത്. വൈക്കത്തെ വീട്ടില്‍ കഴിയുന്ന ഹാദിയ ആറ് മാസത്തിന് ശേഷമാണ് ഇന്ന് പുറത്ത് വരുന്നത്. ഏറെ വിവാദമായ കേസില്‍ ഹാദിയയുടെ ഭാഗം കേള്‍ക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഹാദിയയെ ഡല്‍ഹിക്ക് കൊണ്ടുപോയിരിക്കുന്നത്. ഇന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ നിലപാട് തന്നെ ഹാദിയ സുപ്രീം കോടതിയിലും ആവര്‍ത്തിച്ചേക്കുമെന്നാണ് സൂചന.






