
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റും അജയ് തറയില്‍ അംഗവുമായിരിക്കേ ഏറ്റവും കൂടുതല്‍ അഴിമതി നടന്നതു മരാമത്തുപണികളുടെ പേരില്‍. രാമായണമേളയില്‍ സമ്മാനദാനം നിര്‍വഹിക്കാന്‍ ക്ഷണിച്ചതിനു പ്രത്യുപകാരമായി അജയ് തറയില്‍ ക്ഷേത്രസമിതിക്ക് അനുവദിച്ചതു കാല്‍ലക്ഷം രൂപ!
2015-ല്‍ കാലാവധി കഴിഞ്ഞ ബോര്‍ഡ് പ്രസിഡന്റിന്റെ ലെറ്റര്‍ പാഡ് ഉപയോഗിച്ചുപോലും ഈവര്‍ഷം മരാമത്തുപണികള്‍ നടത്തി. എം.പി. ഗോവിന്ദന് നായര്‍ 2015 നവംബറില്‍ പ്രസിഡന്റ് കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും അദ്ദേഹത്തിന്റെ ലെറ്റര്‍ പാഡ് ഉപയോഗിച്ച് കോട്ടയത്തെ ഒരു എന്‍ജിനീയര്‍ ഈവര്‍ഷവും മരാമത്തുജോലി നടത്തുകയായിരുന്നു. പ്രസിഡന്റിന്റെ ''പ്രത്യേക താല്പര്യപ്രകാരം'' മരാമത്തുപണിക്കുള്ള അപേക്ഷ നല്‍കുന്നുവെന്നാണു കത്തില്‍ പറയുന്നത്.
മരാമത്തുപണികള്ക്കു ദേവസ്വം കമ്മിഷണര്‍ മുഖേനയാകണം അനുമതി നല്കേണ്ടതെന്നു ദേവസ്വം മാന്വല്‍ ഒന്നാംവാല്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രങ്ങളില്‍നിന്നു ലഭിക്കുന്ന അപേക്ഷ കമ്മിഷണര്‍ പരിശോധിക്കുകയും യോഗ്യമായവ ബോര്‍ഡിന്റെ അനുമതിക്കായി നല്കുകയുമാണു ചെയ്യേണ്ടത്. എന്നാല്‍, ഇതെല്ലാം അട്ടിമറിച്ചാണു കഴിഞ്ഞ ഭരണസമിതി 59 കോടി രൂപ അധികമായി ചെലവഴിച്ചത്.
ക്ഷേത്രങ്ങളില്‍നിന്നുള്ള അപേക്ഷ പോലുമില്ലാതെയാണു 90% ജോലികളും നടത്തിയിട്ടുള്ളത്. പ്രസിഡന്റിന്റെയും അംഗത്തിന്റെയും വാക്കാലുള്ള നിര്‍ദേശപ്രകാരം മരാമത്തുജോലികള്ക്കുള്ള അപേക്ഷ അസിസ്റ്റന്റ് എന്‍ജിനീയര്‍ ബോര്‍ഡിനു നല്‍കുകയായിരുന്നു. തുടര്‍ന്ന് ഭരണസമിതി നേരിട്ടു തുക അനുവദിച്ചു. 2016-17 സാമ്പത്തികവര്‍ഷം 28.20 കോടി രൂപയാണ് മരാമത്ത് ഇനത്തില്‍ നീക്കിവച്ചത്. എന്നാല്‍ തിരുവനന്തപുരം, മാവേലിക്കര, കോട്ടയം മരാമത്ത് ഡിവിഷനുകള്‍, എസ്റ്റേറ്റ് ഡിവിഷന് എന്നിവ മുഖേന മാത്രം ചെലവഴിച്ചത് 49.20 കോടി രൂപ! 21 കോടി രൂപയുടെ അധികത്തുക ബജറ്റില്‍പോലും ഉള്‍പ്പെടുത്താതെ നിയമവിരുദ്ധമായി ചെലവഴിക്കുകയായിരുന്നു. ശബരിമല പദ്ധതി ജോലികള്‍ എന്ന പേരില്‍ 23 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, 27.13 കോടിയുടെ ജോലികള്‍ നടത്തിയെന്നാണു രേഖകള്‍- ബജറ്റിലുള്ളതിനെക്കാള് 4.13 കോടി അധികം. 2016-17 സാമ്പത്തികവര്‍ഷം 25.13 കോടി രൂപ ബജറ്റിനു പുറത്ത് ചെലവഴിച്ചു. 2017-18 വര്‍ഷത്തേക്ക് 34.40 കോടി രൂപയാണു മരാമത്തുജോലികള്ക്കായി ബജറ്റില്‍ അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ വരെ, ഏഴുമാസത്തിനുള്ളില്‍ ശബരിമല ജോലികള്‍ക്ക് ഉള്‍പ്പെടെ 34.36 കോടി രൂപ അധികച്ചെലവു വന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
ചീഫ് എന്‍ജിനീയര്‍മാര്‍ക്ക് അഞ്ചുലക്ഷത്തിന്റെയും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്കു രണ്ടുലക്ഷത്തിന്റെയും ജോലികള്‍ സ്വയം തീരുമാനിച്ചു നടത്താന്‍ എം.പി. ഗോവിന്ദന്‍നായര്‍ അധ്യക്ഷനായ ബോര്‍ഡ് അനുവാദം നല്‍കിയിരുന്നു. ചീഫ് എന്‍ജിനീയര്‍ക്കുള്ള അഞ്ചുലക്ഷം രൂപയുടെ സാമ്പത്തികാധികാരം ഉപയോഗിച്ച് ഒരേ ക്ഷേത്രത്തില്തന്നെ 25 ലക്ഷം രൂപവരെയുള്ള ജോലികള്‍ നടത്തി. 10 ലക്ഷത്തിനു മുകളിലാണു ചെലവെങ്കില്‍ ഇ-ടെന്‍ഡര്‍ വിളിക്കണം. അതു മറികടക്കാന്‍ ജോലികള്‍ പല വിഭാഗങ്ങളായി തിരിച്ചു. കോട്ടയം തിരുനക്കര ക്ഷേത്രഗോപുരം, നെട്ടൂര്ക്കോട്ട്കാവ് സദ്യാലയം, നേര്യമംഗലം കോളജ്, കുളത്തൂര്‍മൂഴി കോളജ് എന്നിവിടങ്ങളില്‍ മരാമത്തുപണികള്‍ നടത്തിയത് ഈ രീതിയിലാണ്. ദേവസ്വം ബോര്‍ഡ് കരാറുകാര്‍ നല്കിയ നിവേദനപ്രകാരം 30 കോടി രൂപയാണു കഴിഞ്ഞ ഓഗസ്റ്റ് 29-നു ബോര്‍ഡ് അനുവദിച്ചത്. പ്രസിഡന്റ് സ്വന്തം െകെപ്പടയില് എഴുതി അനുമതി ഒപ്പിടുകയായിരുന്നു. അടുത്തമാസം വീണ്ടും 42 കോടി രൂപ കരാറുകാര്‍ക്കു നല്കി. മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തില്‍ 2017 ഓഗസ്റ്റ് 6-3 വരെ നടന്ന രാമായണമേളയുടെ സമ്മാനദാനം നടത്താന്‍ ക്ഷണിച്ച് ഭാരവാഹികള്‍ ബോര്‍ഡ് അംഗം അജയ് തറയിലിനു കത്ത് നല്കി. കത്തിന്റെ അടിയില്‍ 25,000 രൂപ ഗ്രാന്റ് അനുവദിച്ചതായി കുറിച്ചാണു തറയില്‍ നന്ദി പ്രകടിപ്പിച്ചത്!






