ചെന്നൈ: തമിഴ്നാട്ടില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയില്‍ വീണ്ടും ഭിന്നത. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വവും തമ്മിലുള്ള ഭിന്നത വീണ്ടും മറനീക്കി പുറത്തേക്ക്. പാര്‍ട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും വീണ്ടെടുത്തത് ആഘോഷിക്കുന്നതിന് ഇ.പി.എസ് പക്ഷത്തെ മന്ത്രി ആര്.ബി ഉദയകുമാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് ഒ.പി.എസിനെ ഒഴിവാക്കി. പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറിന്റേയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടേയും ജന്മദിനവും ഇതോടൊപ്പം ആഘോഷിച്ചിരുന്നു.
മഥുരയിലെ തൊപ്പൂരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇവിടെ നിന്നും 20 കിലോമീറ്റര്‍ അകലെ ഒ.പി.എസ് ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. ഒ.പി.എസിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം അസൗകര്യം അറിയിച്ചിരുന്നുവെന്നുമാണ് ഉദയകുമാറിന്റെ വിശദീകരണം. എന്നാല്‍ ഒ.പി.എസിനേയും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരേയും ബോധപൂര്‍വം ഒഴിവാക്കിയെന്നാണ് ഒ.പി.എസ് ക്യാമ്പ് വിശ്വസിക്കുന്നത്.
ഒ.പി.എസിനൊപ്പം നില്ക്കുന്ന സ്ഥലത്തെ എം.പി എന്‍. ഗോകുല്‍കൃഷ്ണന്‍, എം.എല്‍.എ എസ്. ശരവണന് എന്നിവരേയും ക്ഷണിച്ചിരുന്നില്ല. ഒ.പി.എസിനേയും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരേയും ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്ന് ഒ.പി.എസ് വിഭാഗം നേതാക്കള്‍ പറഞ്ഞു. പരിപാടി നടന്ന സ്ഥലത്ത് സ്ഥാപിച്ചിരുന്ന ബാനറുകളിലും ഒ.പി.എസിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ്.
ഐഎഡിഎംകെയില്‍ ജയലളിതയുടെ മരണത്തിന് ശേഷം ശശികലയും പളനിസ്വാമിയും ഒരു വിഭാഗമായും പനീര്‍സെല്‍വത്തെ പിന്തുണയ്ക്കുന്നവര്‍ മറുചേരിയായും തിരിഞ്ഞിരുന്നു. ശശികല പക്ഷത്തെ എംഎല്‍എമാരുടെ പിന്തുണയോടെയാണ് പളനിസ്വാമി മുഖ്യമന്ത്രിയായത്. പിന്നീട് ഒ.പി.എസ്-ഇ.പി.എസ് വിഭാഗങ്ങള്‍ ഒരുമിക്കുകയും ശശികലയ്ക്ക് മേല്‍ക്കൈ നഷ്ടപ്പെടുകയും ചെയ്തു. ഇരു വിഭാഗങ്ങള്‍ യോജിച്ച് അധികനാള്‍ കഴിയുന്നതിന് മുന്‍പാണ് വീണ്ടും ഭിന്നത ഉടലെടുത്തത്.






