സേലം: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ഹാദിയ സേലത്തെ ഹോമിയോ കോളജില്‍ എത്തി. ഏഴ് മണിയോടെ കോളജില്‍ എത്തിയ ഹാദിയ കോളജ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഭര്‍ത്താവ് ഷെഫിന് ജഹാനെ കാണാന്‍ കോളജ് അധികൃതര്‍ അനുവദിച്ചതായി ഹാദിയ പറഞ്ഞു. കോളജ് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഹാദിയ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷ വേണ്ടന്ന് അറിയിച്ചതായും ഹാദിയ വ്യക്തമാക്കി.
അതേസമയം ഹാദിയക്ക് ആവശ്യമെങ്കില്‍ മുഴുവന്‍ സമയ സുരക്ഷ നല്‍കുമെന്ന് സേലം ഡി.സി.പി സുബ്ബലക്ഷ്മി പറഞ്ഞു. ഇക്കാര്യ്ത്തില്‍ കോളജ് അധികൃതരും ഹാദിയയും ആവശ്യപ്പെടുന്നതിന് അനുസരിച്ച് തീരുമാനമെടുക്കും. പിതാവ് അശോകന് ഹാദിയയെ കാണുന്നതില്‍ തടസമില്ലെന്നും ഡി.സി.പി കൂട്ടിച്ചേര്‍ത്തു.
ഉച്ചയ്ക്ക് ഒന്നരയോടെ ഡല്‍ഹിയില്‍ നിന്ന് തിരിച്ച ഹാദിയ വൈകുന്നേരത്തോടെയാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. കോയമ്പത്തൂരില്‍ നിന്നും റോഡ് മാര്‍ഗമാണ് ഹാദിയയെ സേലത്തെ കോളജില്‍ എത്തിച്ചത്. വന്‍ സുരക്ഷാ അകമ്പടിയോടെയാണ് ഹാദിയയെ സേലത്ത് എത്തിച്ചത്. കോളജ് ഹോസ്റ്റലില്‍ അടക്കം ഹാദിയക്ക് സുരക്ഷ നല്‍കണമെന്നാണ് കോടതി ഉത്തരവ്.
മകളെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതിന് ഡല്‍ഹിയില്‍ എത്തിയ പിതാവ് അശോകനും അമ്മ പൊന്നമ്മയും കൊച്ചിയിലേക്ക് മടങ്ങി. ഷെഫിന് ജഹാന് ഹാദിയയെ കാണാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന് അശോകന് പറഞ്ഞു. ഷെഫിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് സ്ഥീരീകരിക്കേണ്ടത് കോടതിയാണ്. ഹാദിയയെ കാണുന്നതിന് സേലത്തേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അശോകന് കൂട്ടിച്ചേര്‍ത്തു.






