
ന്യുഡല്‍ഹി: റൊഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ ഭീകര ബന്ധത്തിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ബി.എസ്.എഫ് മേധാവി കെ.കെ ശര്‍മ്മ. റൊഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ ദേശസുരക്ഷയ്ക്ക ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയിരിക്കുമ്പോഴാണ് ബി.എസ്.എഫ് മേധാവിയുടെ വെളിപ്പെടുത്തല്‍.
അതേസമയം, ഇന്റലിജന്‍സ് വിഭാഗത്തിന് മറിച്ചൊരു വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് സംശയിക്കേണ്ട കാര്യമില്ലെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 87 റൊഹിന്‍ഗ്യകള്‍ രാജ്യത്ത് എത്തിയിരുന്നുവെന്നും അവരില്‍ 76 പേരെ ബംഗ്ലാദേശിലേക്ക് തിരിച്ചയച്ചുവെന്നും ശര്‍മ്മ വ്യക്തമാക്കി.
നിരവധി റൊഹിന്ഗ്യകളെ ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടുണ്ട്. എന്നാല്‍ അവരില്‍ ആര്‍ക്കും ഭീകരബന്ധം ഉണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബി.എസ്.എഫ് നിഗമനം അനുസരിച്ച് റൊഹിന്ഗ്യകളില് ആര്‍ക്കും ഭീകരരുമായോ തീവ്രവാദ സംഘങ്ങളുമായോ ബന്ധമുണ്ടെന്ന് കരുതാനാവില്ല. അവരില്‍ നിന്നും ഇതുവരെ ആയുധങ്ങളോ സ്ഫോടക വസ്തക്കളോ കണ്ടെത്തിയിട്ടില്ല. എന്നാല്‍ രഹസ്യാന്വേഷണ വിഭാഗം അത്തരമൊരു റിപ്പോര്‍ട്ട് നല്കിയിട്ടുണ്ടെങ്കില് അത് സംശയിക്കാന്‍ ഒരു കാരണവുമില്ലെന്നും ശര്‍മ്മ പറഞ്ഞു. ബി.എസ്.എഫ് ദിനാചരണത്തിന്റെ ഭാഗമായി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ശര്‍മ്മയുടെ വെളിപ്പെടുത്തല്‍.
പൗരത്വമോ അവകാശങ്ങളോ ഇല്ലാത്ത ആളുകളാണ് റൊഹിന്‍ഗ്യകള്‍. വര്‍ഷങ്ങായി മ്യാന്മറില് അക്രമങ്ങളും നിയമനടപടികളും നേരിടുകയാണ് അവര്‍. ബംഗ്ലാദേശിലേക്കും മറ്റും പലായനം ചെയ്യുന്നതിന് അവരെ പ്രേരിപ്പിക്കുന്നതും ഇതാണ്. ഇന്ത്യയിലേക്കും അവര്‍ എത്തുന്നതിനെ കുറിച്ച് തങ്ങള്‍ക്ക് ബോധ്യമുണ്ട്. പത്ത് ലക്ഷത്തോളം റൊഹിന്‍ഗ്യകള്‍ ബംഗ്ലാദേശില്‍ ഉണ്ടെന്നാണ് കണക്ക്. അവര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് വരുന്നത് തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അതിര്‍ത്ത കടക്കുന്നവരെ തിരിച്ചയക്കുകയാണ് പതിവ്. അറസ്റ്റ് ചെയ്യില്ലെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ അഞ്ച് ബറ്റാലിയന് സേനയെ കൂടി അയക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.






