ന്യുഡല്‍ഹി: പദ്മാവതി സിനിമ റിലീസ് ചെയ്യുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിന് സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷിയും പാര്‍ലമെന്ററി സമിതിയുമായി കൂടിക്കാഴ്ച നടത്തും. സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷിയും ഇന്ന് പാര്‍ലമെന്ററി സമിതിയുമായി കൂടിക്കാഴ്ച നടത്തും. ചിത്രത്തിനെതിരായ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ച.
നടന്മാരും എം.പിമാരുമായ പരേഷ് റാവല്‍, രാജ് ബബ്ബര്‍ എന്നിവരുള്‍പ്പെടെ 30 പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമിതിയുമായാണ് കൂടിക്കാഴ്ച. ചിത്രത്തിന്റെ നിര്‍മ്മാതാക്കളും വാര്‍ത്താ വിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. സിനിമ വന്‍ വിവാദമായ സാഹചര്യത്തില്‍ സംവിധായകന് ബന്‍സാലിയും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനും തങ്ങള്‍ക്ക് മുന്‍പാകെ ഹാജരായി നിലപാട് വ്യക്തമാക്കാന്‍ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ഇരുവരും സമിതിക്ക് മുന്‍പാകെ ഹാജരാകുന്നത്. അനുരാഗ് ഠാക്കൂറാണ് പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍.
ബോളിവുഡ് താരം ദീപിക പദുക്കോണും ഷാഹിദ് കപൂറും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന പീരിഡ് സിനിമയാണ് പദ്മാവതി. ചിത്രത്തില്‍ രജപുത്ര രാജ്ഞി പദ്മാവതിയെ അപമാനിക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. എന്നാല്‍ അത്തരം രംഗങ്ങള്‍ ഇല്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആണയിടുന്നു. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് രജപുത്ര സമുദായക്കാരുടെ നിലപാട്.






