
ഒരു കാലഘട്ടത്തില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ് ശാന്തി കൃഷ്ണ. തുടര്‍ന്ന് നീണ്ട ഇടവേളയ്ക്കു ശേഷം നിവിന്‍ പോളി നായകനായ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ തിരിച്ചെത്തിയത്. ഇപ്പോള്‍ അഭിനയത്തോടൊപ്പം സിനിമയില്‍ പിന്നണി ഗാനരംഗത്തേക്കും ചുവടു വയ്ക്കാനൊരുങ്ങുകയാണ് ശാന്തി കൃഷ്ണ.
കുഞ്ചാക്കോ ബോബന് നായകനാകുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിനുവേണ്ടിയാണ് ശാന്തി കൃഷ്ണ പാടിയത്. നാട്ടിന് പുറത്തുകാരിയായ ഒരമ്മയുടെ റോളും ചിത്രത്തില്‍ ശാന്തി കൃഷ്ണ അഭിനയിക്കുന്നുണ്ട്. രാഹുല്‍ രാജിന്റെ സംഗീത സംവിധാനത്തിലാണ് ശാന്തി കൃഷ്ണ പാട്ടും പാടി അഭിനയിച്ചിരിക്കുന്നത്.
ശാന്തി കൃഷ്ണ പാടുന്നതിനെക്കുറിച്ച് അഭിമുഖത്തിലൂടെ കേട്ടറിഞ്ഞാണ് രാഹുല്‍ രാജ് ശാന്തിയെ പാടാനായി ക്ഷണിക്കുന്നത്. വിനായകന് ശശികുമാറാണ് വരികള്‍ എഴുതിയത്. കഥാപാത്രത്തിന്റെ മികവിനായിട്ടാണ് ശാന്തി കൃഷ്ണയെ തന്നെ പാടിക്കാന്‍ സംഗീത സംവിധായകനും, ചിത്രത്തിന്റെ സംവിധായകനും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ശാന്തി കൃഷ്ണയെ അറിയിച്ചപ്പോള്‍ ആദ്യം സംശയം പ്രകടിപ്പിച്ചെങ്കിലും പിന്നാലെ സമ്മതിക്കുകയായിരുന്നു.