കോട്ടയം: ഹാദിയയെ അഖിലയായി തിരികെ കിട്ടുന്നതിന് ഏതറ്റം വരേയും പോകുമെന്ന് അശോകന്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അശോകന്. മകള്‍ക്കായി ഏതറ്റം വരേയും പോകും. മകള്‍ ഒരു തീവ്രവാദിയെ വിവാഹം കഴിച്ചു എന്നത് ഇനിയും വിശ്വസിക്കാനായിട്ടില്ല. മകളെ തിരിച്ചു കിട്ടുന്നതിനായി തന്റെ സമ്പാദ്യം മുഴുവന്‍ ചെലവഴിക്കാന്‍ തയ്യാറാണ്. കോളജില്‍ പഠനം തുടരാന്‍ ആവശ്യപ്പെട്ട് സമയത്ത് ആവശ്യത്തിന് വസ്ത്രം പോലും അവളുടെ കയ്യില്‍ ഇല്ലായിരുന്നു. അതിനാല്‍ പോകുന്നതിന് മുമ്പായി അവള്‍ക്ക് 6000 രൂപ കൊടുത്താണ് വിട്ടതെന്നും അശോകന് കൂട്ടിച്ചേര്‍ത്തു.
സിഗരറ്റ് വലിച്ചും മദ്യപിച്ചും ഇരുന്നാല്‍ എനിക്ക് ആശ്വാസം ലഭിച്ചേക്കും എന്നാല്‍ അവളുടെ അമ്മ പൊന്നമ്മയ്ക്കോ അശോകന് ചോദിച്ചു. രാവിലെ വീട്ടുസാധനങ്ങള്‍ വാങ്ങാനാണെന്ന് പറഞ്ഞ് അവള് വീട്ടില്‍ നിന്നുമിറങ്ങും. എന്നാല്‍ എനിക്കറിയാം അവള് വൈക്കത്തപ്പന്റെ മുന്നില്‍ സങ്കടം കരഞ്ഞു പറയാനാണ് പോയതെന്ന് എനിക്കറിയാം. അതില്‍ കൂടുതല്‍ എന്താണ് അവള്‍ക്ക് ചെയ്യാന്‍ കഴിയുകയെന്നും അശോകന് ചോദിച്ചു.
വിവാഹ സമയത്ത് ഒരു കുട്ടി മതിയെന്നായിരുന്നു തീരുമാനം. അത് ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും സര്‍വവും കൊടുത്ത് വളര്‍ത്തുക എന്നതായിരുന്നു തീരുമാനം. അവള്‍ക്ക് വേണ്ടി എല്ലാം ചെയ്തു. അങ്ങനെയുള്ള ഞങ്ങള്‍ക്ക് ഈ യുദ്ധം ഇടയ്ക്ക് വച്ച് നിര്‍ത്താനാകുമോ അശോകന് ചോദിച്ചു.
കഴിഞ്ഞ മെയ് 24ന് അഖിലയെ കോടതി തങ്ങള്‍ക്കൊപ്പം വിട്ടതുമുതല്‍ താന്‍ ഉറങ്ങിയിട്ടില്ലെന്ന് അഖില ഹാദിയയുടെ അമ്മ പൊന്നമ്മ പറഞ്ഞു. രാത്രി ഇടയ്ക്കിടെ ഉണര്‍ന്ന് മകള്‍ക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് നോക്കുമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി മകളെ തിരിച്ചു കിട്ടണമെന്ന് മാത്രമാണ് പ്രാര്‍ത്ഥന. മുസ്ലീമായാല്‍ പണക്കാരിയാകുമെന്ന് അവള് തെറ്റിദ്ധരിച്ചിരുന്നു. പല ദൈവത്തെ ആരാധിച്ചാല്‍ നരകത്തില്‍ പോകുമെന്ന് മകള്‍ പറഞ്ഞിരുന്നതായും പൊന്നമ്മ വെളിപ്പെടുത്തി.
മകളെ ഞങ്ങളില്‍ നിന്ന് വേര്‍പെടുത്തിയത് മഹത്തായ കാര്യമാണെന്നാണ് ചിലര്‍ കരുതുന്നത്. സ്വന്തം മാതാപിതാക്കളില്‍ നിന്ന് മകളെ മാറ്റിക്കൊണ്ട് പോകുന്നതാണോ മഹത്തായ കാര്യം. മുസ്ലീം മതത്തില്‍ നിന്ന് ഒരു കുട്ടിയെ ഹിന്ദു മതത്തിലേക്ക് മാറ്റിയാല്‍ എങ്ങനെയായിരിക്കും അവര്‍ പ്രതികരിക്കുക. കാവല്‍ നിന്ന പോലീസുകാരോട് പോലും ചിരിച്ച് സംസാരിച്ചിരുന്ന മകള്‍ തങ്ങളുടെ മുഖത്തേക്ക് പോലും നോക്കിയിരുന്നില്ലെന്നും പൊന്നമ്മ പറഞ്ഞു.






