
ന്യുഡല്‍ഹി: ഇരട്ടകളായ നവജാത ശിശുക്കള്‍ മരിച്ചുവെന്ന് തെറ്റായി റിപ്പോര്‍ട്ട് നല്കി വിവാദത്തിലായ മാക്സ് ആശുപത്രി സംഭവത്തില്‍ ഉത്തരവാദികളായ രണ്ട് ഡോക്ടര്‍മാരെ പുറത്താക്കി. സംസ്കരിക്കാന്‍ കൊണ്ടുപോകവേ കുട്ടികളില്‍ ഒരാള്‍ ശ്വാസമെടുക്കന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് വിവാദത്തിന് തുടക്കം. ഈ കുട്ടി പിന്നീട് ജീവിതത്തിലേക്ക് മടങ്ങി.
ഈ മാസം ഒന്നിനാണ് ഡല്‍ഹി ഷാലിമാര്‍ ബാഗിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ മാക്സില്‍ ഈ അബദ്ധം നടന്നത്. ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ എത്തിയതോടെ സര്‍ക്കാരും ഇടപെട്ടു. ഇതോടെയാണ് രണ്ട് ഡോക്ടര്‍മാരെ പുറത്താക്കി ആശുപത്രി അധികൃതരും തടിതപ്പിയത്. ഡോ. എ.പി മേത്ത, ഡോ. വിശാല്‍ ഗുപ്ത എന്നിവരെയാണ് പുറത്താക്കിയത്.
സംഭവത്തില്‍ ഐ.എം.എയില്‍ നിന്നുള്ള വിദഗ്ധര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതിലെ അന്വേഷണത്തിന് നിയോഗിച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തതെന്നും ആശുപത്രി ഞായറാഴ്ച രാത്രി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് ആശുപത്രിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ കൊള്ളയും അനാസ്ഥയും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടു.






