
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതക കേസിന്റെ വിധി ഡിസംബര്‍ 12ന് പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.
കേസില്‍ അന്തിമ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണിത്. കഴിഞ്ഞമാസം 22നാണ് കേസില്‍ അന്തിമ വാദം ആരംഭിച്ചത്. അടച്ചിട്ട കോടതി മുറിയില്‍ രഹസ്യമായാണ് കേസിലെ വാദം പൂര്‍ത്തിയായത്.
2016 ഏപ്രില്‍ 28-നാണ് നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന പെരുമ്പാവൂര്‍ സ്വദേശിനി ജിഷ കൊല്ലപ്പെട്ടത്. അന്ന് വൈകുന്നേരം 5.30 നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അമീറുള്‍ ഇസ്ലാം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നതാണ് കേസ്.
പ്രതിഭാഗം വാദം ചൊവ്വാഴ്ച പൂര്‍ത്തിയായിരുന്നു. ആറു മാസത്തിലേറെ നീണ്ട വിചാരണ നടപടികളാണ് ബുധനാഴ്ച അവസാനിക്കുന്നത്. പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 100 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു. പ്രതിഭാഗത്തു നിന്നും അന്വേഷണ ഉദ്യോഗസ്ഥന് അടക്കം ഏതാനും പേരെയും വിസ്തരിച്ചിരുന്നു. അമീറുള്‍ മാത്രമാണ് കേസിലെ ഏക പ്രതി.






