
മുവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കുച്ചിപ്പുടി മത്സരത്തിന്റെ ഫലപ്രഖ്യാപനത്തേത്തുടര്ന്നു സംഘര്‍ഷം. മത്സരാര്‍ഥിയായ മകളെ സ്റ്റേജില്‍നിന്ന് എറിഞ്ഞുകൊല്ലുമെന്ന ഭീഷണിയുമായി പിതാവ്. വെള്ളൂര്‍ക്കുന്നം ശ്രീമഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന യു.പി. വിഭാഗം കുച്ചുപ്പുടി മത്സരത്തിനൊടുവിലാണു നാടകീയ രംഗങ്ങള്‍ നടന്നത്.
ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥി സഹലയുടെ പിതാവ് മട്ടാഞ്ചേരി പുളിക്കല്‍ ഷമീറാണ് വിധികര്‍ത്താക്കളില്‍ ഒരാള്‍ കോഴ വാങ്ങി ഫലം നിശ്ചയിച്ചുവെന്ന ആരോപിച്ചത്. വാദപ്രതിവാദങ്ങള്‍ക്കിടെ ഷമീര്‍ മകളുമായി സ്റ്റേജില്‍ കയറി കുത്തിയിരുന്നു. മകളെ സ്റ്റേജില്‍നിന്നു വലിച്ചെറിയാനും ശ്രമിച്ചു. സംഭവ സ്ഥലത്ത് കൂടിനിന്നവരാണു തടഞ്ഞത്. വിധി പുനഃപരിശോധിക്കും വരെ മറ്റുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നും താനും മകളും ജീവനൊടുക്കുമെന്നും ഷമീര്‍ ഭീഷണി മുഴക്കി.
പോലീസ് സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഇതിനിടെ ചില രക്ഷിതാക്കളും അധ്യാപകരും ഷമീറിനൊപ്പം ചേര്‍ന്നു. എന്നാല്‍ വിധി പ്രഖ്യാപനത്തിന്റെ കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. യു.പി. വിഭാഗം മത്സരങ്ങള്‍ ജില്ലാതലത്തില്‍ അവസാനിക്കുന്നതിനാല്‍ വിധിനിര്‍ണയം പുനഃപരിശോധിക്കാന്‍ കഴിയാത്തതാണു പ്രശ്നം രൂക്ഷമാക്കിയത്. ഏറെ കഷ്ടത അനുഭവിച്ചാണു മകളെ ജില്ലാതല മത്സരവേദിവരെ എത്തിച്ചതെന്നും പണക്കാരായ മത്സരാര്‍ഥികള്‍ പണം നല്കി വിജയം തട്ടിയെടുക്കുകയാണെന്നും ചുമട്ടുതൊഴിലാളി കൂടിയായ ഷമീര്‍ പറഞ്ഞു.
എന്നാല്‍ നല്ല പ്രകടനം കാഴ്ച്ചവച്ച സഹലയും ഒന്നാം സ്ഥാനം നേടിയ മത്സരാര്‍ഥിയും തമ്മില്‍ ഒരു മാര്‍ക്കിന്റെ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും വിധിനിര്‍ണയം സത്യസന്ധമാണെന്നും വിധികര്‍ത്താക്കള്‍ പറഞ്ഞു. ആരോപണം നേരിട്ട തൃശൂര്‍ സ്വദേശിനിയായ വിധികര്‍ത്താവിനെ മാറ്റിയശേഷം 3.30നാണ് വേദിയില്‍ മറ്റ് മത്സരങ്ങള്‍ ആരംഭിച്ചത്.






