
വാഷിങ്ടണ്‍: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ രാജ്യാന്തര പ്രതിഷേധം ഉയരുന്നതിനിടെ തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ച് വീണ്ടും യു.എസ്. യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണു തീരുമാനമെന്നും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ യു.എസ്. പ്രതിജ്ഞാബദ്ധമാണെന്നും െവെറ്റ് ഹൗസ്.
പുരാതനവും ആധുനികവുമായ യാഥാര്ഥ്യങ്ങള്ക്കുനല്കിയ അംഗീകാരമാണ് ജറുസലേമിന്റെ തലസ്ഥാനപദവിയെന്നു െവെറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ഇസ്രയേല്‍-പലസ്തീന് തര്‍ക്കത്തിനു ശാശ്വത പരിഹാരം കാണാന്‍ അമേരിക്ക മുന്‍നിരയിലുണ്ടാകും. പതിറ്റാണ്ടുകളായി തുടരുന്ന നയത്തില്‍നിന്നുള്ള വ്യതിചലനത്തിന്റെ പേരില്‍ സഖ്യരാജ്യങ്ങള്‍ ഉള്‍പ്പെടെ എതിര്‍സ്വരവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ വിശദീകരണം. ക്രൈസ്തവ, ജൂത, ഇസ്ലാം മതവിശ്വാസികളുടെ പുണ്യനഗരമാണു ജറുസലേം.
ചാവുകടലിനും മെഡിറ്ററേനിയന്‍ കടലിനുമിടയില്‍ ജൂദിയന്‍ മലനിരകളിലുള്ള ഈ നഗരമാണ് ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തിനു മൂലകാരണങ്ങളിലൊന്ന്. ഇരുരാജ്യങ്ങളും ജറുസലേമിനെയാണ് തലസ്ഥാനമായി വിശേഷിപ്പിക്കുന്നതെങ്കിലും ഈ അവകാശവാദത്തെ രാജ്യാന്തര സമൂഹം അംഗീകരിച്ചിരുന്നില്ല. എന്നാല്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഭാവിയിലെങ്കിലും ലോകരാജ്യങ്ങളെ രണ്ടു തട്ടിലാക്കിയേക്കാമെന്നാണു വിലയിരുത്തല്‍.ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നാണ് ജറുസലേം.
ബി.സി. 3000 മുതല്‍ നിലനില്‍ക്കുന്ന ഈ നഗരം ഉറുശ്ലേം എന്നാണ് പുരാതനകാലത്ത് അറിയപ്പെട്ടിരുന്നത്. കാനാന്‍കാരുടെ നഗരമായിരുന്ന ഉറുസലേം ദാവീദ് രാജാവ് പിടിച്ചെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പുത്രന് സോളമനാണ് ഇവിടെ ആദ്യ ജൂത ആരാധനാലയം സ്ഥാപിച്ചതെന്നും ചരിത്രം. യേശുവിന്റെ കുരിശുമരണം നടന്ന സ്ഥലമെന്ന നിലയിലാണു പുതിയ നിയമത്തില്‍ ജറുസലേമിനു സ്ഥാനം. മെക്കയും മദീനയും കഴിഞ്ഞാല്‍ സുന്നി ഇസ്ലാം വിശ്വാസികളുടെ മൂന്നാമത്തെ പുണ്യനഗരമാണ് ജറുസലേം. വിശുദ്ധ ഖുറാന് പ്രകാരം പ്രവാചകന് മുഹമ്മദ് നബിയുടെ സ്വര്‍ഗാരോഹണം ഇവിടെയായിരുന്നു.
ജൂത വിഭാഗക്കാരുടെ പുണ്യസ്ഥലമായ ടെംപിള്‍ മൗണ്ടും മുസ്ലിംകളുടെ വിശുദ്ധകേന്ദ്രമായ അല്‍ അഖ്സ മസ്ജിദും കിഴക്കന്‍ ജറുസലേമിലാണ്. ജറുസലേമിന്റെ അധീശത്വത്തിനായുള്ള പോരാട്ടത്തിന് നഗരത്തോളംതന്നെ പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ആക്രമണങ്ങളിലൂടെ നാശോന്മുഖവും പിന്നീട് പുനര്‍നിര്‍മാണവും ജറുസലേമിന്റെ കാര്യത്തില്‍ പലവട്ടം അരങ്ങേറിയിട്ടുണ്ടത്രേ. കുറഞ്ഞത് രണ്ടുവട്ടം പരിപൂര്‍ണമായി നശിപ്പിക്കപ്പെട്ട ചരിത്രവും ജറുസലേമിനു പറയാനുണ്ട്.
മാത്രമല്ല, 52 തവണ ആക്രമിക്കപ്പെടുകയോ 44 വട്ടം കീഴടക്കപ്പെടുകയോ 23 വട്ടം വളയപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും ചരിത്രം പറയുന്നു. അറബ്ലോകവുമായുള്ള യുദ്ധത്തിനൊടുവില്‍ 1948-ല്‍ പടിഞ്ഞാറന്‍ ജറുസലേമിന്റെ നിയന്ത്രണം ഇസ്രയേല്‍ പിടിച്ചെടുത്തതോടെ പുത്തന്‍കാലത്തും നഗരം സംഘര്‍ഷഭരിതമായി. ജോര്‍ദാന്റെ െകെവശമായിരുന്ന പുരാതന നഗരം ഉള്‍പ്പെടുന്ന കിഴക്കന്‍ ജറുസലേം 1967-ലെ ആറുദിന യുദ്ധത്തില്‍ ഇസ്രയേലിന്റെ അധീനതയിലായതോടെ പലസ്തീനുമായുള്ള പ്രശ്നങ്ങളുടെ കേന്ദ്രബിന്ദുവായി.
1980-ല്‍ ഐക്യ ജറുസേലമിനെ രാജ്യതലസ്ഥാനമായി പ്രഖ്യാപിച്ച് ഇസ്രയേല്‍ നിയമം പാസാക്കി. എന്നാല്‍ ഐക്യരാഷ്ട്ര രക്ഷാസമിതി ഇതു തള്ളിയതോടെ രാജ്യാന്തര സമൂഹവും യു.എന്‍. നിലപാടിനൊപ്പം നിലയുറപ്പിച്ചു. ബുധനാഴ്ച നടത്തിയ പ്രഖ്യാപനത്തെ ഇസ്രയേല്‍ സ്വാഗതം ചെയ്തെങ്കിലും പശ്ചിമേഷ്യയെ കലാപഭരിതമാക്കാനുള്ള നീക്കമാണെന്നു ചൂണ്ടിക്കാട്ടി അറബ്ലോകം അടക്കം കടുത്ത വിയോജിപ്പാണുപ്രകടിപ്പിച്ചത്.
സംവാദങ്ങളിലൂടെ സമവായവും രാജ്യാന്തരസമൂഹം പ്രതീക്ഷിക്കുന്ന അന്തിമകരാറും യാഥാര്‍ഥ്യമാക്കുകയാണ് യു.എസിന്റെ ലക്ഷ്യമെന്നു െവെറ്റ് ഹൗസ് മാധ്യമ സെക്രട്ടറി സാറാ സാന്‍ഡേഴ്സ് പറഞ്ഞു. അമേരിക്കയുടെ പാത പിന്തുടരാന് മറ്റേതെങ്കിലും രാജ്യം തയാറെടുക്കുന്നുണ്ടോയെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു സാന്‍ഡേഴ്സിന്റെ മറുപടി. ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നു വിദേശകാര്യ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ഡേവിഡ് എം. സാറ്റര്‍ഫീല്‍ഡ് വ്യക്തമാക്കി. പാസ്പോര്‍ട്ട് അനുവദിക്കുന്നതിലടക്കമുള്ളവയില് മാറ്റമൊന്നും വരുത്തിയിട്ടില്ല.
അക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നപക്ഷം ജറുസലേമിലുള്ള പരാമാധികാരത്തെയോ നിലവിലെ അതിര്‍ത്തിയെയോ ചോദ്യം ചെയ്യുകയോ അതിര്‍ത്തി പുനര്‍നിര്‍ണയത്തിനോ മുതിര്‍ന്നിട്ടില്ല. ഇക്കാര്യങ്ങളില്‍ തര്‍ക്കരഹിതമായി തീരുമാനമെടുക്കേണ്ടത് വിഷയത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളാണ്- സാറ്റര്‍ഫീല്‍ഡ് പറഞ്ഞു.
തലസ്ഥാനവും സര്ക്കാര്കേന്ദ്രവും നിശ്ചയിക്കാന്‍ പരമാധികാര രാജ്യങ്ങള്‍ക്കുള്ള അധികാരം ഇസ്രയേലിനുമുണ്ടെന്ന് ഓര്‍മിപ്പിച്ചാണ് യു.എസ്. വിദേശകാര്യ സമിതി ചെയര്മാന് എഡ് റോയ്സ് ഭരണപരമായ തീരുമാനത്തെ സ്വാഗതം ചെയ്തത്. ടെല്‍ അവീവില്‍നിന്ന് യു.എസ്. നയതന്ത്രകാര്യാലയം മാറ്റുന്നത് ശ്രദ്ധയോടെ വേണമെന്നും റോയ്സ് പറഞ്ഞു. ട്രംപിന്റെ പ്രഖ്യാപനത്തെ ''ചരിത്രപരം'' എന്നായിരുന്നു യു.എസ്.-ഇസ്രയേല്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റിയുടെ വിലയിരുത്തല്‍.






