
കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ എംപാനൽ ജോലിചെയ്യുന്നവര്‍ക്ക് ശമ്പളം മുടങ്ങി. നാളുകളായി എല്ലാമാസവും രണ്ടു തവണയായിട്ടാണ് ശമ്പളം കിട്ടുന്നത്. 15 ദിവസത്തെ ശമ്പളമാണ് ആദ്യഘട്ടത്തില്‍ കിട്ടുക. മാസാവസാനമാകും ബാക്കി ലഭിക്കുക. എന്നാല്‍, ഇക്കുറി ആദ്യഘട്ടത്തില്‍ കിട്ടിയത് ഏഴു ദിവസത്തെ വേതനം മാത്രമാണ്. 15 ദിവസത്തെ ജോലിക്കു കിട്ടിയത് അതിന്റെ പാതിത്തുക. തങ്ങളെ അവഗണിക്കുകയും രണ്ടാംതരക്കാരായി കാണുകയുമാണെന്ന് എമ്പാനല്‍ ജീവനക്കാര്‍ പരാതിപ്പെട്ടു.
കഴിഞ്ഞ മാസം ജോലി ചെയ്‌തതിനു കിട്ടേണ്ട ശമ്പളത്തിന്റെ ആദ്യഗഡു ഈ മാസം ആദ്യവാരം ലഭിച്ചപ്പോഴാണ് കിട്ടേണ്ടതിന്റെ പാതിയാണ് ലഭിച്ചതെന്ന് വ്യക്‌തമായത്. ഇതേപ്പറ്റി ഒരു വിശദീകരണവും അധികൃതര്‍ നല്‍കിയിട്ടില്ല. പഴയ ചില കണക്കുകളിലെ പൊരുത്തക്കേടുകളാണ് ശമ്പളം കുറയാന്‍ ഇടയാക്കിയതെന്നും ഉടന്‍ ബാക്കി ലഭിക്കുമെന്നാണ് അറിയുന്നത്.
പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതിനുപിന്നാലെ ശമ്പളത്തില്‍ കുറവ് വന്നതിനെ ആശങ്കയോടെയാണ് എംപാനലുകാര്‍ നോക്കിക്കാണുന്നത്. പ്രിയദര്‍ശിനി സൗജന്യ സര്‍വീസ് കാരണം കെ.എസ്.ആര്‍.ടി.സിക്ക് പ്രതിമാസം 60 കോടി രൂപയുടെ വരുമാന നഷ്‌ടമെന്നാണു കണക്ക്. എംപാനൽ വിഭാഗത്തില്‍ കണ്ടക്‌ടറും ഡ്രൈവര്‍മാരുമായി മൂവായിരത്തിലധികം ജീവനക്കാരുണ്ട്. എന്നാല്‍, പ്രിയദര്‍ശനിയും എംപാനൽ ശമ്പളക്കട്ടുമായി ബന്ധമില്ലെന്നാണ് സൂചന. എംപാനലുകാര്‍ക്ക് മുടങ്ങിയ തുക വൈകാതെ അക്കൗണ്ടില്‍ വരുമെന്നുമാണ് അറിയുന്നത്. കെ.എസ്.ആര്‍.ടി.സിയിലെ ഇതരവിഭാഗങ്ങള്‍ക്ക് ശമ്പളം കൃത്യമായിട്ടുതന്നെ ലഭ്യമാകുകയും ചെയ്‌തു.
ബൈജു ഭാസി






